അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 

കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ദുരന്തബാധിതരും

തോട്ടം തൊഴിലാളികളും പി ടി ഗോപാലക്കുറുപ്പും

 

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെ വയനാട് കലക്‌ട്രേറ്റിലെ കല്‍പ്പറ്റ നിയോജകമണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ബിനി കെ കെയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് എന്‍ കെ റഷീദ്, നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവരോടൊപ്പമെത്തിയാണ് സിദ്ദിഖ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പുത്തുമലയിലെ ഹൃദയഭൂമിയിലെത്തി പുഷ്പാര്‍ച്ച നടത്തിയ ശേഷം തോട്ടംമേഖലയില്‍ സന്ദര്‍ശനം നടത്തി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു സിദ്ധിഖ് പത്രികാസമര്‍പ്പണത്തിനായി എത്തിയത്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരും, തോട്ടം തൊഴിലാളികളും, പി ടി ഗോപാലക്കുറുപ്പുമാണ് സിദ്ദിഖിന് നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11.15ഓടെ പ്രകടനമായി എത്തിയാണ് സിദ്ധിഖും നേതാക്കളും പത്രികാസമര്‍പ്പണത്തിനായി വരണാധികാരിക്ക് മുമ്പിലേക്ക് പോയത്. നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ സലീം മേമന, കണ്‍വീനര്‍ പി പി ആലി, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, പി ടി ഗോപാലക്കുറുപ്പ്, എന്‍ കെ റഷീദ്. എം എ ജോസഫ്, കടവന്‍ ഹംസ, സി ജയപ്രസാദ്, നജീബ് കരണി, ടി ഹംസ, കെ കെ ഹനീഫ, എം പി നവാസ്, ഹര്‍ഷല്‍ കോന്നാടന്‍, ശോഭനാകുമാരി, വിജയമ്മടീച്ചര്‍, ഒ വി അപ്പച്ചന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, സലാം നീലിക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *