വയനാട്ടില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വല വിജയം നേടും: ടി സിദ്ദിഖ്
കല്‍പ്പറ്റയില്‍ ഭൂരിപക്ഷം ഉയര്‍ത്തും
റെയില്‍പാത ഉള്‍പ്പെടെയുള്ള വയനാടിന്റെ സ്വപ്നപദ്ധതികള്‍ യു ഡി എഫ് യാഥാര്‍ഥ്യമാക്കും
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനാവുമെന്ന ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമാണുള്ളതെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പിന്തുണയും അത് അടിവരയിടുന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസമുണ്ട്. പുത്തുമലയിലെ ഹൃദയഭൂമിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം ദുരന്തബാധിതരായ പാവപ്പെട്ടവര്‍ നിര്‍ബന്ധപൂര്‍വം ഏല്‍പ്പിച്ചു. അത് വല്ലാത്തൊരു വൈകാരികതയോടെയാണ് മനസില്‍ സൂക്ഷിക്കുന്നത്. തോട്ടം തൊഴിലാളികളും അവരുടെ ഒരു വിഹിതം നല്‍കി. അതൊടൊപ്പം പ്രിയപ്പെട്ട പി ടി ഗോപാലകുറുപ്പും ഒരു വിഹിതം നല്‍കി. ഇതെല്ലാം ഒരുപാട് സന്തോഷം നല്‍കുന്നതാണ്. യു ഡി എഫ് വയനാട്ടിലെ മൂന്ന് സീറ്റുകളിലും വിജയിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി നേരിട്ട് ഏറ്റവും വലിയ പ്രശ്‌നം യു ഡി എഫ് സര്‍ക്കാരില്ല എന്നുള്ളതായിരുന്നു. പത്ത് വര്‍ഷത്തെ ഇടതുഭരണത്തിന് അവസാനം കുറിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. വയനാടിനെ റെയില്‍വെ മാപ്പിലേക്ക് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാന്‍ യു ഡി എഫ് പ്രതിജ്ഞാബദ്ധമാണ്. 2016-ല്‍ ബജറ്റില്‍ വന്ന് കേന്ദ്രബജറ്റില്‍ വന്ന് പിങ്ക്ബുക്കില്‍ സ്ഥാനം പിടിച്ച്, ഹെഡ് ഓഫ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ഫീസിബിലിറ്റ് സ്റ്റഡി ചെയ്ത് എല്ലാത്തരത്തിലും മുന്നോട്ടുപോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ തലശേരി പദ്ധതിയുമായി കണക്ട് ചെയ്തുകൊണ്ട് ഇല്ലാതാക്കുന്ന സാഹചര്യത്തിലെത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത, ചുരം ബൈപ്പാസ് ഉള്‍പ്പെടെ ആരോഗ്യ, ഗോത്രമേഖലകളിലെല്ലാം തന്നെ യു ഡി എഫിന്റെ ശക്തമായ ഇടപെടലുണ്ടാകും. ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച രണ്ട് ബജറ്റുകളും വയനാടിനെ നിരാകരിക്കുന്നതായിരുന്നു. വയനാടിനെ പൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ള നടപടികളായിരിക്കും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഞങ്ങളൊക്കെ ഭാഗവാക്കാണ്. മുസ്‌ലിംലീഗ് 52 വീടുകള്‍ കൈമാറി കഴിഞ്ഞു. കോണ്‍ഗ്രസ് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി സമ്പൂര്‍ണമായി നടപ്പിലാക്കും. എന്നാല്‍ ദുരന്തബാധിതരുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിരവധിയായ പാളിച്ചകളുണ്ടായി. ഇതുവരെ ഗുണഭോക്തൃലിസ്റ്റ് പോലും പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തിലെല്ലാം നേതൃപരമായ പങ്കാളിത്തം യു ഡി എഫിന്റെ ഭാഗത്ത് നിന്നുണ്ടാകും. എന്നാല്‍ ഇതു കുറ്റപ്പെടുത്തലിന്റെ സമയമല്ല, ചേര്‍ത്തുനിര്‍ത്തലിന്റെയും വികസനസമീപനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള സമയമാണ്. അത് നന്നായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇടതുസര്‍ക്കാര്‍ നിരാകരിച്ച കല്‍പ്പറ്റയിലെ ഔട്ടര്‍ റിംഗ് റോഡ് ഉള്‍പ്പെടെ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം സിദ്ദിഖ് പറഞ്ഞു.
