മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഫുഡ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ വിഭവങ്ങൾ ലഭ്യമാക്കാനാകും. പ്രദേശവാസികൾക്ക് കുറഞ്ഞ നിരക്കിൽ രുചികരവും വിശ്വാസയോഗ്യവുമായ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകൾക്ക് സ്ഥിരമായ വരുമാന മാർഗവും തൊഴിൽ അവസരവും സൃഷ്ടിക്കുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ മാർക്കറ്റിംഗ് ഡി.പി.എം അർഷക് സുൽത്താൻ, സി.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ മോഹൻ, വൈസ് ചെയർപേഴ്സൺ ബിന്ദു ജയൻ, ഡി.പി.എം സുഹൈൽ പി.കെ, ബ്ലോക്ക് കോർഡിനേറ്റർ മഹിജ എം.എസ്, എം.ഇ.സി ഫസീല, സംരംഭക കനകലത എന്നിവർ സംസാരിച്ചു . പരിപാടിയിൽ നിരവധി കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.
