കൽപ്പറ്റ മണ്ഡലത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി പിന്തുണ കെ.വി. പ്രകാശിന്

കൽപറ്റ:പശ്ചിമഘട്ട പരിസ്ഥിതിക്ക് വൻ ആഘാതമേല്പിക്കുന്ന ദുരന്തമേഖലയിലെ തുരങ്കപാത വികസനമല്ല വിനാശമാണെന്ന ശക്തമായ നിലപാട് സ്വീകരിച്ച വയനാട്ടിലെ ഏക നിയമസഭാ സ്ഥാനാർഥി കെ.വി. പ്രകാശിനെ, പിന്തുണക്കാൻ പശ്ചിമഘട്ട സംരക്ഷണ സമിതി തീരുമാനിച്ചു. വയനാട്ടിലെ യാത്രാപ്രശ്നത്തിന് സമീപ ജില്ലകളിലേക്ക് നിലവിലുള്ള അഞ്ചു ചുരംറോഡുകളും അൽപം വികസിപ്പിച്ച് ഒരു ലൈൻ കൂടി വരത്തക്കവിധം ആധുനികവൽക്കരിക്കാൻ വീണ്ടും ദുർബല പരിസ്ഥിതിയെ തകർക്കുന്ന തുരങ്കത്തിനുവേണ്ട പണമോ സാങ്കേതിക സാമഗ്രികളോ വേണ്ടിവരില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികൾ ചുരംബ്ലോക്കിൽപ്പെടുന്നു എന്നതിന് വയനാട്ടിൽ എല്ലാവർക്കും സൗകര്യപ്രദമായ, സൗജന്യമായി ലഭിച്ച അമ്പതേക്കറിൽ തന്നെ മെഡിക്കൽ കോളേജ് പണിയുകയാണ് വേണ്ടത്. വയനാട്ടിലെ അതിദരിദ്രർ, ആദിവാസി ഭൂരഹിതരുടെ പ്രശ്നങ്ങൾക്കും, കാർഷിക വന്യമൃഗ പ്രശ്നപരിഹാരത്തിനും പാട്ടക്കാലാവധി കഴിഞ്ഞ കുത്തക തോട്ടങ്ങൾ സർക്കാർ പിടിച്ചെടുത്ത് വാസയോഗ്യമായ ഇടം ഭൂരഹിതർക്കും, വനത്തോടുചേർന്നവ, വനവിസ്തൃതി വർധിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഭാവിയെ കണ്ട് പാരിസ്ഥിതിക ആവാസ വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് കൂടി വേണ്ടി നിലകൊള്ളുക എന്ന കാര്യത്തിൽ എല്ലാ മുന്നണികൾക്കും വഞ്ചനാപരമായ നിലപാടാണുള്ളത്. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകൻ കൂടിയായ പ്രകാശിന് അദ്ദേഹത്തിൻ്റെ ചിഹ്നമായ ബ്ലാക്ക് ബോർഡിൽ വോട്ട് രേഖപ്പെടുത്താൻ മുഴുവൻ പുരോഗമന ജനാധിപത്യ വിശ്വാസികളോടും സംഘടന ആഹ്വാനം ചെയ്തു. യോഗത്തിൽ പി.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വർഗീസ് വട്ടേക്കാട്, ബഷീർ ആനന്ദ് ജോൺ, സുരേഷ് പി സി , ഐഫാ സൈമൺ ഉണ്ണിക്കൃഷ്ണൻ, എ. കൃഷ്ണൻകുട്ടി, രാജു ജോസഫ്, അഡ്വ.സുനിൽ ജോസഫ്, അറുമുഖൻ, എം.കെ. ഷിബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *