ഈസ്റ്റര്‍ ദിനത്തിലെ റിഫ്രഷര്‍ ടെയിനിംഗ് അനുചിതമായ നടപടിയെന്ന് അഡ്വ. ടി സിദ്ദിഖ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന റിഫ്രഷര്‍ ടെയിനിംഗ് ഈസ്റ്റര്‍ ദിനത്തില്‍ വെച്ചത് തീര്‍ത്തും അനുചിതമായ നടപടിയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ് കുറ്റപ്പെടുത്തി. കൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഈസ്റ്റര്‍ദിനത്തില്‍ പ്രാര്‍ഥനകള്‍ നടത്താനും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനുമുള്ള സമയമാണ്. എന്നാല്‍ ഇതേദിനത്തില്‍ റിഫ്രഷര്‍ കോഴ്സ് വെച്ചത് വലിയ വീഴ്ചയും, അംഗീകരിക്കാനാവാത്തതുമാണ്. റിഫ്രഷര്‍ ടെയിംനിംഗ് സമയബന്ധിതമായി നല്‍കാനായില്ല എന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. നേരത്തെ നടത്താനാവുമായിരുന്ന ട്രെയിനിംഗ് വൈകിച്ച് ഈസ്റ്റര്‍ദിനത്തില്‍ തന്നെ വെച്ചത് ഉചിതമായ കാര്യമല്ല. വയനാട് ജില്ലയില്‍ മാനന്തവാടി നിയോജകമണ്ഡലത്തിലെ മാനന്തവാടി സെന്റ് പാട്രിക് ഹൈസ്‌ക്കൂളിലാണ് ഈസ്റ്റര്‍ദിനത്തില്‍ ട്രെയിനിംഗ് വെച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31ന് ടെയിനിംഗ് ലഭ്യമായ ഉദ്യോഗസ്ഥര്‍ക്കാണ് രാവിലെ 9.30 മുതലും, ഉച്ചക്ക് 1.30 മുതലും ട്രെയിനിംഗ് വെച്ചിട്ടുള്ളത്. ഇത് ഒരുകാരണവശാലും അംഗീകരിക്കാനാവാത്ത നടപടിയാണെന്നും ഈസ്റ്റര്‍ദിനത്തിലെ ട്രെയിനിംഗ് ഒഴിവാക്കി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *