മാനന്തവാടി: നാടെങ്ങും ആവേശം വിതറി മാനന്തവാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളുവിന്റെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു. ഇൗസ്റ്റർ ദിനം മുതൽ വീടുകളിലേക്ക് വികസന നായകനെത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ആദ്യമണിക്കൂറുമുതൽ കളം പിടിച്ച മാനന്തവാടിയുടെ കേളുവേട്ടൻ വിജയം ഉറപ്പിച്ച് കുതിക്കുകയാണ്. 10 ആണ്ടിൽ 50 വർഷത്തിന്റെ വികസനം നടപ്പാക്കിയാണ് മൂന്നാമതും ജനവിധി തേടുന്നത്.
മാനന്തവാടി നഗരസഭാ പരിധിയിലും തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ശനിയാഴ്ച പര്യടന ജാഥ. രാവിലെ ഒമ്പതോടെ മാനന്തവാടി ഇല്ലത്തുമൂലയിൽനിന്ന് തുടങ്ങിയ പ്രചാരണം രാത്രിയോടെ പിലാക്കാവിലാണ് സമാപിച്ചത്. ചൂട്ടക്കടവ്, മക്കിക്കൊല്ലി, കുഴിനിലം, വിമലനഗർ, കഴുക്കോട്ടൂർ, കുളത്താട, കാരച്ചാൽ, ഇരുമനത്തൂർ, വട്ടോളി, അയനിക്കൽ, പേര്യ 35, മേലേവരയാൽ, തവിഞ്ഞാൽ 44, മക്കിമല, അമ്പലക്കൊല്ലി, തിണ്ടുമ്മൽ, താഴേചിറക്കര, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി. ഓരോ കേന്ദ്രങ്ങളും ആഘോഷപൂർവം വരവേറ്റു. വാദ്യമേളങ്ങളും മാലപ്പടക്കവുമെല്ലാമായിട്ടായിരുന്നു സ്വീകരണം. ഗോത്രമേധലകളിലും വരവേൽപ്പ് ഉജ്വലമായി. തുടിതാളങ്ങളോടെയും ഗോത്രചുവടുകളോടെയും ചേർത്തണച്ചു. പര്യടന വഴികളില്ലെല്ലാം ആളുകൾ കാത്തുനിന്നു.
എൽഡിഎഫ് നേതാക്കളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി കെ ശശിധരൻ, എൻ യു ജോൺ, കെ പി ശശികുമാർ, അനിൽ വള്ളുവക്കണ്ടി, മൊയ്തു, എ ജോണി, ടി കെ. പുഷ്പൻ, ശോഭാ രാജൻ, കെ ആർ ജിതിൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
