മാനന്തവാടി: വീടുകളിൽ കുടുംബാംഗമായി ഒ ആർ കേളു. രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി വീടുകളിലേക്ക് എത്തിയ മാനന്തവാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ഒ ആർ കേളുവിന് ഹൃദ്യമായ വരവേൽപ്പ്. ഈസ്റ്റർ ആശംസകൾ നേർന്നും ആഘോഷങ്ങളിൽ പങ്കാളിയായും വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിൽ നിറഞ്ഞു. രാവിലെ വ്യക്തികളെ കണ്ടു. കാട്ടിച്ചിറക്കൽ മാഖാമിലെത്തി ഉറൂസിന് ആശംസകൾ നേർന്നു. പിന്നിടായിരുന്നു ഭവന സന്ദർശനം. എല്ലാ വീടുകളിലും ചിരപരിചതൻ. ഒരോരുത്തരെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന അടുപ്പവും സൗഹൃദവും. സുഖവിവരങ്ങൾ തിരക്കി തെരഞ്ഞെടുപ്പ് വിശേഷവും പങ്കിട്ടാണ് ഒരോ വീടുകളും പിന്നിട്ടത്. ഉച്ചകഴിഞ്ഞ് കുടുംബസംഗമങ്ങളുടെ തിരക്കായി. വാരാമ്പറ്റ, കട്ടയാട്, കുന്നുമ്മലങ്ങാടി, കാപ്പംകുന്ന്, പാലുകുന്ന്, അറുമൊട്ടംകുന്ന് എന്നിവിടങ്ങളിലായിരുന്നു കുടുംബ സംഗമങ്ങൾ. ഓരോ ഇടങ്ങളിലും നൂറുകണക്കിനു പേരെത്തി. പങ്കാളിത്തം കൊണ്ട് കുടുംബസംഗമങ്ങൾ പൊതുയോഗ തുല്യമായി. പത്താണ്ടിൽ കണ്ട വികസനവും ജീവിതത്തിലുണ്ടായ മാറ്റങ്ങളും ഓരോരുത്തരും പങ്കിട്ടു. സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനയായിരുന്നില്ല. ഓരോരുത്തരും സ്വന്തം ജീവിതാനുഭവങ്ങളിൽ വോട്ട് ഉറപ്പു നൽകുകയായിരുന്നു. സ്ഥാനാർഥിയുടെ ഫോട്ടോയെടുത്തും സെൽഫിയെടുത്തും പ്രിയപ്പെട്ട കേളുവേട്ടനൊപ്പം നിന്നു. ഗോത്ര കുടുംബങ്ങളും കൂട്ടത്തോടെയെത്തി. ഒരോരുത്തരെയും ചേർത്തുപിടിച്ചു. കുടുംബസംഗമങ്ങളായിട്ടു പോലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്പ്. എൽഡിഎഫ് സർക്കാരിനും ഒ ആർ കേളുവിനും മൂന്നാമൂഴം ഉറപ്പാക്കുന്നതായിരുന്നു ഓരേ കേന്ദ്രങ്ങളിലെ പങ്കാളിത്തവും സ്വീകാര്യതയും.
