ജലാശയങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്

കല്‍പ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും കുട്ടികളടക്കം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ജില്ലാ പോലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എപ്പോഴും സുരക്ഷിതമാകണമെന്നില്ല. വലിയ ദുരന്തങ്ങള്‍ക്ക് അശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതിയാകും. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. അതില്‍ ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളില്‍ വിടരുത്. നീന്തല്‍ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തില്‍ ഇറങ്ങുന്നത് അപകടകരമാണ്. സുഹൃത്തുകള്‍ അപകടത്തില്‍പ്പെട്ടാല്‍ വെള്ളത്തില്‍ ചാടാതെ രക്ഷാപ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണം. സെല്‍ഫിയോ വീഡിയോയോ എടുക്കുന്നതിന് അപകടകരമായ സ്ഥലങ്ങളില്‍ പോകരുത്. റീലുകളേക്കാള്‍ വിലപ്പെട്ടത് ജീവന്‍ തന്നെയാണ്. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്. മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പോലീസ് നിര്‍ദേശി്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *