സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. ഏപ്രില്‍ 19 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടിന് സമാനമായ സാഹചര്യമായിരിക്കും. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട മുതല്‍ കാസറഗോഡ് വരെയുള്ള മറ്റ് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്ന ചൂട്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. മലയോര മേഖലകളിലൊഴികെ ഉയർന്ന ഈർപ്പവും ചൂടും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
അതേസമയം, കൊടുംചൂടില്‍ വലയുന്ന കേരളത്തില്‍ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി രേഖപ്പെടുത്തി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് കടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഇന്നലത്തെ ആകെ ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റാണ്. വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.
