കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്. ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ. അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്.
178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. വിഷുവിന് വീട്ടില്‍ കയറിക്കൂടാമെന്ന് കരുതിയ ദുരന്തബാധിത കുടുംബങ്ങള്‍ നിരവധിയാണ്. ഭവനങ്ങള്‍ വാസയോഗ്യമാകുന്നതിലെ അനിശ്ചിതത്വം ഇവരെ നിരാശരാക്കുകയാണ്.
കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്. പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്കി.
024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര് ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി. അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.
