കൽപറ്റ: മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിന്‍റെ ഭാഗമായി വയനാട് ജില്ലയിലും തൊഴിലാളി ദിനം മൂന്നു നിയോജകമണ്ഡലം തലങ്ങളിലും തൊഴിലാളി റാലികളോടു കൂടി യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. നാലു വർഷമായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധവും, രണ്ടര വർഷമായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധവും, രണ്ടു വർഷമായി തുടരുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾ അടക്കം ഇറാൻ ഇസ്രായേൽ അമേരിക്ക ലബനൻ യുദ്ധങ്ങളും സുഡാൻ മ്യാൻമർ എത്യോപ്യ ഹെയ്തി ആഭ്യന്തര സംഘർഷങ്ങളും ലോകത്തെമ്പാടുമുള്ള ജനജീവിതത്തിന് ദുരിതം സമ്മാനിക്കുകയും മനുഷ്യ സമാധാന ജീവിതം തകർക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പേരിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് തൊഴിലാളികളാണ്. വിലക്കയറ്റം, തൊഴിൽ നഷ്ടം,രോഗങ്ങൾ, പട്ടിണി മരണങ്ങൾ എന്നിവ ലോകത്തെമ്പാടുമുള്ള തൊഴിലാളികൾ അഭിമുഖീകരിക്കുന്നു. യുദ്ധക്കെടുതികളുടെ ഭാഗമായി ഇന്ധനക്ഷാമവും, സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടങ്ങളോട് അഭ്യർഥിച്ചു സ്റ്റോപ്പ് ദ വാർ,സേ നോ ടു വാർ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മെയ് മൂന്നിന് ഐഎൻടിയുസി ജന്മദിനം സമുചിതമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു,ടി എ റെജി, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ടി ഉഷാകുമാരി, മായ പ്രദീപ് , ജിനി തോമസ്, കെ കെ രാജേന്ദ്രൻ, സി എ ഗോപി, ഷിനോജ് കാട്ടിക്കുളം, ഗിരീഷ് കൽപറ്റ, പി എൻ ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ജ്യോതിഷ് കുമാർ, അരുൺ ദേവ്,രാധാ രാമസ്വാമി,ഒ ഭാസ്കരൻ, ആർ ഉണ്ണികൃഷ്ണൻ, നജീബ് പിണങ്ങോട്, താരിഖ് കടവൻ, കെഎം വർഗീസ്, ശ്രീനിവാസൻ തൊവരിമല, എം പി ശശികുമാർ, ഹർഷൽ കോന്നാടൻ, കെ അജിത, ജയ മുരളി തുടങ്ങിയവർ സംസാരിച്ചു.
മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎൻടിയുസി
