‘ഊര് ഉണര്‍വ്’ ബോധവത്കരണം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന സേഫ് വിതിന്‍ പദ്ധതിയുടെ ഭാഗമായി പൊന്‍കുഴി പണിയ ഉന്നതിയില്‍ ‘ഊര് ഉണര്‍വ്’എന്ന പേരില്‍ ബോധവത്കരണം സംഘടിപ്പിച്ചു. ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഗോത്രവിഭാഗങ്ങളുടെ തനത് സംസ്‌കാരം അടുത്തറിയാനും ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ് ഊന്നല്‍ നല്‍കിയത്. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് ഡബ്ല്യുഎസ്എസ്എസ് നടപ്പാക്കുന്ന ‘ഉന്നതി ജല്‍ സുരക്ഷ’ പദ്ധതിയുടെ ഭാഗമായ കിണറിന്റെ പ്രവൃത്തി ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പൊന്‍കുഴി പണിയ ഉന്നതിയിലെ 30 കുടുംബങ്ങളില്‍നിന്നുള്ളവരടക്കം 60 പേര്‍ പങ്കെടുത്തു. സേഫ് വിതിന്‍ പ്രോജക്ട് ടീം അംഗങ്ങള്‍ക്കൊപ്പം വിവിധ കോളജുകളില്‍നിന്നുള്ള സോഷ്യല്‍ വര്‍ക്ക് ട്രെയിനികളും ബോധവത്കരണത്തില്‍ പങ്കാളികളായി. മത്സരങ്ങളും തെരുവുനാടകം അവതരണവും മറ്റു കലാപരിപാടികളും നടന്നു. ഐസിഡിഎസ് അധ്യാപിക രാധ, ഉന്നതി ജല്‍ സുരക്ഷ പ്രോജക്ട് നൂല്‍പ്പുഴ കോ ഓര്‍ഡിനേറ്റര്‍ കെ.സി. ബിജു എന്നിവര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേഫ് വിതിന്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഡെല്‍ന മേരി ജയ്‌സണ്‍, കമ്മ്യൂണിറ്റി മൊബൈലൈസര്‍ സിസ്റ്റര്‍ ദിവ്യ മുണ്ടക്കല്‍ എസ്ഡി, ബിഫ്രണ്ടിംഗ് കൗണ്‍സലര്‍ സിസ്റ്റര്‍ ലില്ലി മാത്യു എസ്എച്ച്, നൂല്‍പ്പുഴ ഉന്നതി ജല്‍ സുരക്ഷാ ടീം അംഗങ്ങളായ നീരജ, നിമിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *