ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന അഞ്ചുപേർ പിടിയിൽ,വിദ്യാർഥികൾക്കും വിൽപ്പന

കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 122.72 ഗ്രാം എം.ഡി.എം.എയും പണവും മറ്റ് ഉപകരണങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31 വയസ്സ്), കോഴിക്കോട് മുഖദാർ സ്വദേശി ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുര ബസാർ സ്വദേശി അരീക്കാടൻ വീട്ടിൽ ജാസിർ. എ (27), ചെറുവണ്ണൂർ കുമ്മനപാടം സ്വദേശി കവുങ്ങിൻ തോടൻ വീട്ടിൽ മുഹമ്മദ് ജാസിർ. കെ. ടി (22), ഒളവണ്ണ സ്വദേശി പയ്യടിത്താഴം വീട്ടിൽ മൻസൂർ. പി.ടി (36്) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് ചെറുവണ്ണൂർ മധുരബസാറിൽ വെച്ച് പിടികൂടിയത്.

 

 

മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും, ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രുപയും പിടിച്ചെടുത്തിട്ടുണ്ട്. കുറച്ചുദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവർ ചെറുവണ്ണൂർ മധുരബസാറിലെ ഒരു കെട്ടിടത്തിൽ വെച്ച് മയക്കുമരുന്ന് സഹിതം പോലീസിന്റെ പിടിയിലാകുന്നത്.

 

ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു വിൽപ്പന. ഗോഡൗണായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ വെച്ച് എം.ഡി.എം.എ ചെറിയ പാക്കറ്റുകൾ ആക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലെ യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.

 

പിടിച്ചെടുത്ത ലഹരി എത്തിച്ചത് സ്‌കൂൾ അവധിക്കാലം ലക്ഷ്യമാക്കികൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്നും, ബെംഗളൂരുവിലെ മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരിൽ നിന്നും 100, 200 ഗ്രാമുകളായി വാങ്ങിച്ച് ഒരു ഗ്രാം, രണ്ട് ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയും, ഇതിലൂടെ സമ്പാദിക്കുന്ന പണം ആർഭാട ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയുമാാണ് ഉപയോഗിച്ചിരുന്നത്.

 

 

 

യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ചെരുപ്പ് ഗോഡൗണിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും പ്രതികൾ ഒരുക്കികൊടുത്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതികൾക്ക് കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ സഹിതം പിടിയിലായതിനും, മയക്കുമരുന്ന് ഉപയോഗിച്ചതിനും, പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും, മദ്യപിച്ച് വാഹനമോടിച്ചതിനും, പൊതുജന ശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ട്.

 

പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

 

നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആനന്ദ്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, പോലീസ് ഓഫീസർ സന്തോഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ് പനായി, സരുൺ കുമാർ, ലതീഷ് , അഭിജിത്ത്, അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷൂർ, തൗഫീക്ക്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *