തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ:
ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
വീടിനുള്ളിൽ ചെയ്യേണ്ടവ:
സുരക്ഷിതമായി ഇരിക്കുക: ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക, ഇവയ്ക്ക് അടുത്ത് നിൽക്കാതിരിക്കുക.
വൈദ്യുതി ബന്ധം: ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ഇടിമിന്നലുള്ളപ്പോൾ ഫോൺ (ലാന്റ് ലൈൻ) ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
കുളിക്കുന്നത് ഒഴിവാക്കുക: പൈപ്പുകളിലൂടെ മിന്നൽ പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
തുറസായ സ്ഥലങ്ങളിൽ:
മരച്ചുവട് ഒഴിവാക്കുക: ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിലോ ടെറസിലോ നിൽക്കുന്നത് അപകടകരമാണ്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
യാത്രക്കാർ ശ്രദ്ധിക്കാൻ: സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. കാറിനുള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണ്, എന്നാൽ കൈകാലുകൾ പുറത്തിടരുത്.
ജലാശയങ്ങൾ: ഇടിമിന്നൽ സമയത്ത് കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങരുത്. ബോട്ടിംഗിൽ ഏർപ്പെടുന്നവർ ഉടൻ കരയിലെത്തുക.
മറ്റ് നിർദ്ദേശങ്ങൾ:
വളർത്തുമൃഗങ്ങൾ: മഴമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ മൃഗങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി കെട്ടുക. ഇടിമിന്നൽ തുടങ്ങിക്കഴിഞ്ഞാൽ ഇവയെ അഴിക്കാൻ പോകരുത്.
പ്രഥമശുശ്രൂഷ: മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല, അതിനാൽ ഭയപ്പെടാതെ ഉടൻ പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
മിന്നൽ രക്ഷാ ചാലകങ്ങൾ (Lightning Conductors) കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്നത് സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
