കൽപറ്റ:ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ലാ വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പള്ളി മൈസൂരു റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ലാ കലക്ടര്‍ അധ്യക്ഷയായ യോഗത്തില്‍ ചര്‍ച്ചയായി. വയനാട്ടിലെ ദേശീയപാതകളില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മേല്‍പാലം ആവശ്യമാണെന്നും പ്രിയങ്കഗാന്ധി എം പിയുടെ പ്രതിനിധി കെ എല്‍ പൗലോസ് നിര്‍ദേശിച്ചു. വിഷയം റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. താമരശ്ശേരി ചുരം റോഡിലെ ഗതാഗത തടസ്സത്തിന് കോഴിക്കോട് ജില്ലാ കലക്ടറുമായി സംസാരിച്ച്
പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം പ്രത്യേകമായി ഇടപടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ റോഡുകളുടെ നിര്‍മ്മാണപ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മഴയ്ക്കു മുന്‍പ് അറ്റകുറ്റപണികള്‍ ചെയ്ത് റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
വരാനിരിക്കുന്ന കാലവര്‍ഷത്തെ നേരിടാന്‍ ജില്ലയിലെ എല്ലാ വകുപ്പുകളും അടിയന്തര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വയനാട് ജില്ലയിലെ സാഹചര്യങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ട്. ജില്ലയിലെ 40 ശതമാനത്തിലധികം പ്രദേശങ്ങള്‍ റെഡ് സോണില്‍ ഉള്‍പ്പെടുന്നവയും 200 ഓളം സ്ഥലങ്ങള്‍ അതീവ പരിസ്ഥിതിലോലമായ ഹോട്ട്‌സ്‌പോട്ടുകളുമാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ‘സീറോ ഡെത്ത് മണ്‍സൂണ്‍’ ലക്ഷ്യമിട്ടാണ് ഇത്തവണയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. കോര്‍ കമ്മിറ്റികള്‍ ഏതു സമയത്തും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായിരിക്കണം. കാലവര്‍ഷത്തില്‍ മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങളും വൈദ്യുതി തടസ്സങ്ങളുമാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. വിവിധ വകുപ്പുകളുടെ കീഴിലുള്ള അപകടകരമായ മരങ്ങള്‍ അതാത് വകുപ്പുകള്‍ തന്നെ അടിയന്തരമായി മുറിച്ചുമാറ്റണം. ട്രൈബല്‍ മേഖലകളില്‍ അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണം. ചോര്‍ച്ചയുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും കാലവര്‍ഷത്തിന്റെ ഭാഗമായി നല്‍കേണ്ട ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. സ്‌കൂളുകളില്‍ പാമ്പുകടി, ഫംഗസ് ബാധ, ഭക്ഷ്യ വിഷബാധ
തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഉച്ച ഭക്ഷണം പാകം ചെയ്യുന്നവര്‍ ഗ്ലൗസും ക്യാപും ധരിക്കണമെന്നും ക്ലാസ് റൂമുകള്‍ കൃത്യമായി ശുചീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഉടന്‍ ആരംഭിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ പ്രക്രിയയില്‍ എല്ലാ വകുപ്പുകളും കൃത്യമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 2026 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ യാതൊരുവിധ പരാതികള്‍ക്കും ഇടയില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കലക്ടര്‍ യോഗത്തില്‍ അഭിനന്ദിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നദികളുടെ തീരത്തുള്ള ഗോത്ര വര്‍ഗ്ഗ വിഭാഗക്കാരായ കുടുംബങ്ങളെ പാര്‍പ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വിലക്ക് വാങ്ങി ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ആറ് എണ്ണം ജില്ലാ വിലനിര്‍ണയ കമ്മിറ്റി അംഗീകരിക്കുകയും ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍ അറിയിച്ചു.
പുഴയോരത്ത് താമസിക്കുന്ന കുടുബങ്ങള്‍ക്ക് വര്‍ഷക്കാലത്ത് ഭീഷണി ഒഴിവാക്കാനായി തോടിന്റെ /പുഴയുടെ സൈഡ് കെട്ടുന്നതടക്കമുള്ള ഒന്‍പത് പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി ചീഫ് എഞ്ചിനിയറുടെ കാര്യാലയത്തിലേക്ക് സമര്‍പ്പിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
പുല്‍പള്ളി കാപ്പിക്കളം പ്രദേശത്തെ 160 ഓളം കുടുബങ്ങള്‍ക്ക് ജല്‍ജീവന്‍മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചതായി എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
2025-2026 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതിയും യോഗം അവലോകനം ചെയ്തു. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സബ് കലക്ടര്‍ അതുല്‍ സാഗര്‍, എഡിഎം എ ജയശീ, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പ്രസാദന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
