വയനാട്: വിഭിന്നമായ സർഗശേഷിയുടെ വ്യത്യസ്തമായ അനുഭവങ്ങൾ തീർക്കുന്ന പുതിയ അധ്യയന വർഷത്തിലേക്ക് ആവേശപൂർവ്വം കടന്നെത്തി ബഡ്‌സ് സ്‌കൂൾ കുട്ടികൾ. ബഡ്സ് പ്രവേശനോത്സവത്തിന്റെ ജില്ലാ ഉദ്ഘാടനം തിരുനെല്ലി ബഡ്സ് സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു ബാലൻ നിർവഹിച്ചു.
കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ജില്ലയിൽ നിലവിൽ 12 ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്. പൂക്കളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ വരവേറ്റു.
തിരുനെല്ലി സിഡിഎസ് ചെയർപേഴ്സൺ രജനി ബാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സൗമിനി ശശി ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ , അസി. മിഷൻ കോർഡിനേറ്റർ കെ. കെ അമീൻ, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ്, തുടങ്ങിയവർ പങ്കെടുത്തു.
