ലിംഗനിർണയ നിരോധന നിയമം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം കർശനമായി നിരോധിക്കുന്ന പി.സി.പി.എൻ.ഡി.ടി നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പെൺഭ്രൂണഹത്യ തടയുക, സ്ത്രീ-പുരുഷ അനുപാതം സന്തുലിതമായി നിലനിർത്തുക, ലിംഗവിവേചനം പൂർണ്ണമായും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പി.സി.പി.എൻ.ഡി.ടി നിയമം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ജില്ലയിലെ സ്‌കാനിംഗ് സെൻ്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

 

ജില്ലാ റിപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നിയമത്തിലെ വിവിധ വകുപ്പുകളെക്കുറിച്ച് കണ്ണൂർ റിപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. അശ്വിൻ ക്ലാസെടുത്തു. അൾട്രാസൗണ്ട് ക്ലിനിക്കുകൾ,ജെനിറ്റിക് കൗൺസിലിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള സ്കാനിംഗ് സ്ഥാപനങ്ങൾ ലിംഗനിർണ്ണയ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കേണ്ട രീതി അദ്ദേഹം വിശദമാക്കി. നിയമം ലംഘിച്ച് ലിംഗനിർണയം നടത്തുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവും പിഴയും ലഭിക്കുന്നതിനൊപ്പം രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളെകുറിച്ചും ക്ലാസിൽ വിശദീകരിച്ചു. ‘പി.സി.പി.എൻ.ഡി.ടി ആക്ടും ലിംഗസമത്വവും’ എന്ന വിഷയത്തിൽ ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്‌തഫ സംസാരിച്ചു. ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണം നടത്തി. ജില്ലയിൽ പി.സി.പി.എൻ.ഡി.ടി ആക്റ്റിനു കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ, റേഡിയോളജിസ്റ്റുമാർ, പബ്ലിക് റിലേഷൻ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *