ബജറ്റില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഡോ.കെ.കെ.എന്‍ കുറുപ്പ്

കല്‍പ്പറ്റ: വാര്‍ധക്യത്തിലും ശൗര്യം ചോരാതെ ചരിത്രകാരനും കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വയനാട് ട്രൈബല്‍ ഡവലപ്‌മെന്റ് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചില്ലെങ്കില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയടക്കം സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് അനിവാര്യമാണ് യൂണിവേഴ്‌സിറ്റി. ആദിവാസി കുട്ടികളുടെ ബുദ്ധിവൈഭവം സമൂഹനന്‍മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ഉണ്ടാകണം. യൂണിവേഴ്‌സിറ്റിയിലൂടെ ഇത് സാധ്യമാകും. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണാലയങ്ങളും ഉള്ളതാകണം സര്‍വകലാശാല.

വയനാട് ട്രൈബല്‍ ഡവലപ്‌മെന്റ് യൂണിവേഴ്‌സിറ്റി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുമെന്ന് പടിഞ്ഞാറത്തറയില്‍ ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രിയങ്ക ഗാന്ധി എംപി പ്രസ്താവിക്കുകയുമുണ്ടായി. എന്നിരിക്കേ ബജറ്റില്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

യൂണിവേഴ്‌സിറ്റിക്ക് സ്ഥല, കെട്ടിട സൗകര്യം ഒരുക്കാന്‍ സന്നദ്ധത ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് രേഖാമൂലം അറിയിച്ചിരുന്നു. ബിഷപ്പിന്റെ സമ്മതപത്രം ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ബത്തേരി ചെതലയത്തെ ട്രൈബല്‍ സ്റ്റഡി സെന്ററില്‍ യൂണിവേഴ്‌സിറ്റിക്ക് താത്കാലിക സൗകര്യം ഒരുക്കാവുന്നതാണ്.

യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകണം. യൂണിവേഴ്‌സിറ്റി സ്ഥാപന പ്രവര്‍ത്തനങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍ ആകാനും വേതനം ഇല്ലാതെ ജോലി ചെയ്യാനും സന്നദ്ധനാണെന്നും ഡോ.കുറുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *