മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി.

ഒരു കിലോ മുതല്‍ 27 കിലോ വരെ തൂക്കമുള്ള മീനുകള്‍ വരെയാണ്‌ ഡാമില്‍ നിന്നു പിടിച്ച്‌ ഇവിടെ വില്‍പനയ്‌ക്കായി എത്തിക്കുന്നത്‌.

നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു ഡാമിലെ മീന്‍പിടിത്തവും വിപണനവും നടത്തുന്നത്‌. നൂറിലേറെ പേരാണ്‌ മീന്‍പിടിക്കാനായി സംഘത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെങ്കിലും സ്‌ഥിരമായി ഡാമില്‍ മീന്‍ പിടിക്കാനിറങ്ങുന്നതു മുപ്പതിലേറെ പേരാണ്‌. വേനലില്‍ മീന്‍ ലഭ്യത കുറച്ചു കുറഞ്ഞെങ്കിലും മഴ ആരംഭിച്ചതോടെ ലഭ്യത വന്‍തോതില്‍ കുടിയിട്ടുണ്ട്‌. എല്ലാ ദിവസവും ഇവിടെ മീനുണ്ടെന്നാണ്‌ പ്രത്യേകത.

കഴിഞ്ഞ ദിവസം നൂറു കിലോയിലേറെ മീനാണ്‌ ലഭിച്ചതും വില്‍പന നടത്തിയതും. കൂടുതല്‍ ലഭിക്കുന്നതു തിലോപ്പിയ ആണെങ്കിലും വരാല്‍, ചെമ്പല്ലി, കാരി, ആരല്‍, കട്‌ല, രോഹു, മൃഗാല്‍ എന്നിവയെല്ലാം ഇവിടെ ലഭിക്കുന്നുണ്ട്‌. പ്രദേശവാസികളും അയല്‍ ജില്ലകളില്‍ നിന്നെത്തുന്നവരും വിനോദ സഞ്ചാരികളുമെല്ലാം രാവിലെ മീന്‍ വാങ്ങാന്‍ പ്രദേശത്തെത്തുന്നുണ്ട്‌. മീന്‍പിടിത്തത്തിന്‌ കൊട്ടത്തോണിയില്‍ പോയി ഡാം റിസര്‍വോയറിന്റെ വിവിധ ഭാഗങ്ങളില്‍ വലയിടുന്നത്‌. പിറ്റേ ദിവസം രാവിലെയോടെ പല സംഘങ്ങളായി വലയെടുക്കുന്നതാണ്‌. രാവിലെ ഏഴരയോടെയാണു വലയില്‍ ലഭിച്ച മീനുമായി സഹകരണ സംഘത്തിന്റെ വില്‍പന സ്‌റ്റാളിലേക്ക്‌ മീനുകള്‍ എത്തിക്കും. പിന്നീട്‌ അവിടെ നിന്നാണു വില്‍പന.

ഓരോ ദിവസവും ലഭിച്ച മീനിന്റെ തൂക്കം കണക്കാക്കി പിടിക്കാന്‍ പോകുന്നവര്‍ വില്‍പനയ്‌ക്കു ശേഷം പണം കൈമാറുന്ന രീതിയിലാണു പ്രവര്‍ത്തനം. എല്ലാവരും വില്‍പന സ്‌റ്റാളിലേക്ക്‌ എത്തിക്കുന്നതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്കും എളുപ്പമാണ്‌. ഫിഷറീസ്‌ സംഘത്തിന്റെ പ്രവര്‍ത്തനം ഒട്ടേറെ പേര്‍ക്കാണു വരുമാനവും ആശ്വാസമാകുന്നത്‌. സംഘത്തില്‍ സ്‌ഥിരമായി മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക്‌ ഭേദപ്പെട്ട വരുമാനം നിലവില്‍ ലഭിക്കുന്നുമുണ്ട്‌.

ഒപ്പം ഡാമിലെ മത്സ്യ സമ്പത്ത്‌ വര്‍ധിപ്പിക്കാന്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന്‌ മത്സ്യ കുഞ്ഞുങ്ങളെയാണ്‌ ഡാമില്‍ നിക്ഷേപിക്കുന്നത്‌. ഇത്തവണ അഞ്ചു ലക്ഷത്തിലേറെ കുഞ്ഞുങ്ങളെ ഡാമില്‍ നിക്ഷേപിച്ചിരുന്നു. മഴ കുടുതല്‍ ശക്‌തമാകുന്നതോടെ മീനിന്റെ ലഭ്യതയും വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കാരാപ്പുഴ ഡാമിലെ മീന്‍പിടിത്തക്കാര്‍. തിലോപ്പിയ 150 രൂപ, വരാല്‍ 150 രൂപ, കാരി 200 രൂപ, ചെമ്പല്ലി 200 രൂപ, ആരല്‍ 250 രൂപ, കട്‌ല 200 രൂപ, രോഹു 200 രൂപ, മൃഗാല്‍ 200 രൂപ എന്നിങ്ങനെയാണ്‌ കാരാപ്പുഴ ഡാമിലെ മീനുകളുടെ വിലനിലവാരം.

Leave a Reply

Your email address will not be published. Required fields are marked *