ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ നാളെ നടക്കാനിരിക്കെ വീണ്ടും സാങ്കേതിക തകരാർ. നാഗ്പുർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷാ സെന്റർ അനുവദിച്ചത് അബുദാബിയിലെന്നാണ് റിപ്പോർട്ട്. അഡ്മമിറ്റ് കാർഡിലെ പിഴവ് ചൂണ്ടിക്കാട്ടി എൻടിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അബ്ദുല്ല മുഹമ്മദ് താലിബ് എന്ന കുട്ടിയുടെ ഹാൾ ടിക്കറ്റിലാണ് പിഴവ് പറ്റിയത്.
ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്തപ്പോഴാണ് ഇന്ത്യയിൽ സെന്റർ കൊടുത്ത തനിക്ക് യുഎഇയിലാണ് സെന്റർ കിട്ടിയതെന്ന് കുട്ടി അറിഞ്ഞത്. അബുദാബിയിലെ ഇന്ത്യൻ സ്ളാണ് സെന്ററായി അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോർട്ടില്ലാത്തതിനാൽ അബ്ദുല്ലയ്ക്ക് യുഎഇയിൽ പോയി പരീക്ഷയെഴുതാനും കഴിയില്ല. ‘അഡ്മിറ്റ് കാർഡ് കണ്ട് ഞെട്ടിപ്പോയി. മകനാവട്ടെ കരച്ചിൽ നിർത്തുന്നില്ല’ എന്നായിരുന്നു പിതാവ് ഡോക്ടർ മുഹമ്മദ് താലിബിന്റെ പ്രതികരണം.
എൻടിഎയെ വിവരമറിയിച്ചതോടെ പിഴവ് സംഭവിച്ചതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പുതിയ അഡ്മിറ്റ് കാർഡ് വൈകാതെ ലഭ്യമാക്കാമെന്നും അറിയിച്ചു. കുട്ടിക്ക് നാഗ്പുരിലെ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് എൻടിഎ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അഡ്മിറ്റ് കാർഡിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടെങ്കിൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും എൻടിഎ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ചേകാൽ വരെയാണ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
