വയനാടിന്റെ ജീവൽ പ്രശ്‌നങ്ങളൊന്നും തൊടാതെ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചതായി സപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വർഷങ്ങളായി തുടരുന്ന വയനാട് പക്കേജിന് തുക വകയിരുത്തിയിട്ടില്ല. മുണ്ടക്കൈ–ചൂരൽമല ദുരന്തപുനരധിവാസത്തിൽ നിലപാട് പറയാൻപോലും സർക്കാർ തയ്യാറായില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുമോയന്നതിൽ വ്യക്തതയില്ല. വയനാട് മെഡിക്കൽ കോളേജിനെ പൂർണമായും അവഗണിച്ചു. മാന്തവാടി അന്പുകുത്തിയലെ സ്ഥലം മെഡിക്കൽ കോളേജിനായ് ഏറ്റെടുക്കുന്നതിൽ മൗനമാണ്. വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച് ബജറ്റിൽ പരാമർശംപോലുമില്ല. കിഫ്‌ബിയിയിൽ തുക അനുവദിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവൃത്തി തുടങ്ങിയത്. കിഫ്‌ബി പ്രവർത്തനം അവസാനിപ്പിക്കുമെന്ന സൂചനയാണ് ബജറ്റിൽ. ഇൗ സാഹചര്യത്തിൽ തുരങ്കപാതയുടെ ഭാവി തുലാസിലായി. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞത്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബജറ്റിലെ മൗനം.
മറ്റുചുരംബദൽ പാതകകളും അവഗണിച്ചു. പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാതയുമായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറെ മുന്നോട്ടുപോയതാണ്. മൂന്ന് പതിറ്റാണ്ട് നിലച്ചുപോയ പദ്ധതിക്ക് ജീവൻ വയ്‌പിച്ചു. ഒന്നരക്കോടി രൂപ അനുവദിച്ചാണ് ഇൻവസ്‌റ്റിഗേഷനും മറ്റുനടപടികളും പൂർത്തിയാക്കിയത്. പാതയുടെ അലൈമെന്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടി. ഡിപിആർ നടപടികളിലേക്കും കടന്നതാണ്. ഇതിന്റെ തുടർച്ച ബജറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഒരുരൂപ വകയിരുത്തിയിട്ടില്ല.
ഒരുമാസത്തിനിടെ രണ്ടുപേർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് പദ്ധതിയില്ല. സംസ്ഥാനത്തിന് മൊത്തമായി വകയിരുത്തിയ തുകയിലും വെട്ടിക്കുറവുണ്ടായി. കാർഷിക, തോട്ടം, പട്ടികവർഗ മേഖലയേയും അവഗണിച്ചു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാർഷിക മേഖലയിൽ പ്രത്യേപദ്ധതികളൊന്നുമില്ല. ടൂറിസം മേഖലയിൽ ഒരുപദ്ധതിപോലും അനുവദിച്ചില്ല.
ജില്ലയിൽനിന്ന് മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് എംഎൽഎമാർ വിജയിച്ചിട്ടും സന്പൂർണ അവണനയാണ്. തെരഞ്ഞെടുപ്പിൽ ജില്ലയ്‌ക്ക് നൽകിയ വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കാനുള്ള ചുവട്‌വയ്‌പ്പുപോലും ഉണ്ടായില്ലെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
