ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ttps://se.census.gov.in/ എന്ന സന്‍സസ് വെബ് പോര്‍ട്ടലില്‍ ജൂണ്‍ 30വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാം. ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും. സെല്‍ഫ് എന്യുമറേഷന്‍ വഴി വിവരങ്ങള്‍ നല്‍കുന്നവര്‍ പിന്നീട് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ വീണ്ടും വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം ഓണ്‍ലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പര്‍ കൈമാറിയാല്‍ മാത്രം മതിയാവും. മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെരഞ്ഞെടുക്കുകയും ചെയ്യാം. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിനായുള്ളത്.
വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കില്‍ കൊടുത്ത ഓപ്ഷനുകളില്‍ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കില്‍ മറുപടികള്‍ സെന്‍സസ് പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ല. വിവരങ്ങള്‍ നല്‍കിക്കഴിയുന്നതോടെ 11 അക്ക സെന്‍ഫ് എന്യുമറേഷന്‍ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇം?ഗ്ലീഷ് അക്ഷരത്തില്‍ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോ?ഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തുമ്പോള്‍ ഈ ഐ.ഡി അവര്‍ക്ക് നല്‍കിയാല്‍ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.
വീടുകളുടെ വിവരശേഖരണമെന്ന സെന്‍സസ് നടപടികളിലെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. സെന്‍സസിനായി ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് നിയമപരമായ പിന്‍ബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്നതിനാല്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതവുമാണ്.
