വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍പാതയ്ക്ക് ബജറ്റില്‍ തുകവകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ ഉന്നതല യോഗം ജൂലൈ 15ന് വയനാട് ചേരുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.പൊതുമരാമത്ത്,കൃഷി,വനം,വൈദ്യുതി, മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും രൂക്ഷമായ പശ്ചാത്തലത്തിലാണ് ബദല്‍പാതയെന്ന ആശയം പരിഗണിച്ചത്.വനഭൂമിയുടെ അനുമതി ലഭിക്കാത്തിരുന്നതാണ് ഇത്രയും കാലം റോഡിന്റെ നിര്‍മ്മാണത്തിന് തടസമായത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ പരിഗണന ലഭിച്ചതോടെ അതിവേഗം നിര്‍മ്മാണ പ്രവൃത്തികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.
കല്‍പ്പറ്റയുടെ ജനപ്രതിനിധിയെന്ന നിലയില്‍ മന്ത്രി ടി.സിദ്ദിഖ് നടത്തിയ നിരന്തരമായ ഇടപെടലാണ് റോഡിന്റെ നിര്‍മ്മാണ നടപടികള്‍ക്ക് വേഗം വന്നത്. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യമാണ് ഈ റോഡിന്റെ നിര്‍മ്മാണം. മലയോര മേഖലയുടെ വികസന സാധ്യത തുറക്കാന്‍ ഈ റോഡിന്റെ പൂര്‍ത്തീകരണത്തിലൂടെ സാധിക്കും. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദൂരവും ചെലവും കുറഞ്ഞ റോഡാണിത്.
കഴിഞ്ഞ ദിവസം നിയമസഭയിലെ കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ ഓഫീസില്‍ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയില്‍ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.വടകര എംപി ഷാഫി പറമ്പില്‍, പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ ആവശ്യപ്രകാരമാണ് അടിയന്തര യോഗം നിയമസഭയില്‍ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നത്.
