ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന നിർണായക ശുപാർശകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സമിതി. പ്രവേശനത്തിനായി പ്ലസ്ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് ഒൻപത് അംഗ സമിതിയുടെ പ്രധാന ശുപാർശയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ‘ഡമ്മി’ സ്കൂളുകളുടെ പ്രവർത്തനം തടയുക, പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം സമിതി രൂപീകരിച്ചത്.
പ്രധാന ശുപാർശകൾ:
• ബോർഡ് പരീക്ഷകൾക്ക് വെയ്റ്റേജ്: പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുമ്പോൾ പ്ലസ്ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50% പ്രാധാന്യം നൽകുക. നിലവിൽ എൻട്രൻസ് പരീക്ഷയെഴുതാൻ ബോർഡ് പരീക്ഷകളിൽ യോഗ്യതാ മാർക്ക് മാത്രമാണ് മാനദണ്ഡം.
• സ്കൂൾ സിലബസിലേക്ക് മാറ്റം: പ്രവേശന പരീക്ഷകളുടെ ചോദ്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നാക്കുക. ഇതുവഴി വിദ്യാർത്ഥികൾ കോച്ചിങ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്നത് തടയും.
• കൂടുതൽ അവസരങ്ങൾ: പ്രവേശന പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക.
• ഓൺ-ഡിമാൻഡ് കമ്പ്യൂട്ടർ പരീക്ഷകൾ: ഘട്ടം ഘട്ടമായി കൂടുതൽ അഡാപ്റ്റീവായ, ഓൺ-ഡിമാൻഡ് കമ്പ്യൂട്ടറാധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുക.
പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, മൂല്യനിർണ്ണയത്തിലെ പിഴവുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ ചർച്ചയാകുന്നത്. ഒരു പരീക്ഷയെ മാത്രം ആശ്രയിച്ച് കുട്ടികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാറ്റങ്ങൾ സഹായിക്കും എന്നാണ് സമിതിയുടെ വിലയിരുത്തൽ.
സമിതിയുടെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. സർക്കാർ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാവും തുടക്കമാവുന്നത്.
