കൽപ്പറ്റ : നാൽപത് വർഷം സർവീസുള്ള പാചക തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട സ്കൂൾ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) പാണ്ടിക്കടവ് പി ആർ എം എൽ പി സ്കൂളിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. കൽപ്പറ്റ എം ജി ടി ഹാളിൽ ചേർന്ന യൂണിയൻ്റെ ജില്ലാ കൺവൻഷൻ ആണ് സമരം നടത്താൻ തീരുമാനിച്ചത്. എ ഐ ടി യു സി സി യുടെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.
യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി മോഹനൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോറോ ഹെൽത്തിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോറോ ഹെൽത്ത് തൊഴിലാളികൾക്ക് കൺവൻഷൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തരുവണ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ ടി യു സി ജില്ലാ പ്രസിഡൻറ് വിജയൻ ചെറുകര തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സെലീന സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഉപജില്ല ഭാരവാഹികളായ ഗീത കൃഷ്ണദാസ്, അന്ന ഇ ഡി, ജെസ്സി ദേവൻ എന്നിവർ പ്രസംഗിച്ചു.
