Headlines

നൂറുദിന കര്‍മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നൽകും: മന്ത്രി എ.പി. അനില്‍കുമാര്‍

വെള്ളമുണ്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിര്‍മിച്ച 27 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കും.ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി അഡ്വ.ടി. സിദ്ദഖ് വീടുകളുടെ രേഖകള്‍ കൈമാറി.

ഉഷ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് മീനാക്ഷി രാമന്‍, വൈസ് പ്രസിഡന്റ് സി.പി. മൊയ്തീന്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഖമര്‍ ലൈല, ജില്ലാ പഞ്ചായത്ത് മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്‌നി തുടങ്ങിയവര്‍ പങ്കെടുത്തു.

2018-19ലെ മഴക്കെടുതിയെത്തുടര്‍ന്ന് വാളാരംകുന്ന് ഉ്ന്നതി സന്ദര്‍ശിച്ച വിദഗ്ധ സമിതി 82 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതാണ് പുനരധിവാസ പദ്ധതി. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വീടുകളുടെ കൈമാറ്റമാണ് നടത്തിയത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. 30 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂമി വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും 10 ലക്ഷം രൂപ വീതം റവന്യു വകുപ്പും രണ്ട് ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പും ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *