ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി

വൈത്തിരി: ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഈ പ്രദേശങ്ങളില്‍ ആനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്‌.ഒറ്റയ്‌ക്കും കൂട്ടമായും ഇറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്‌ സൃഷ്‌ടിക്കുകയാണ്‌.

സദാസമയവും വാഹനത്തിരക്കുള്ള കോഴിക്കോട്‌-കൊല്ലേഗല്‍ ദേശീയപാതയോരത്തെ ചേലോട്‌ റോഡരികില്‍പ്പോലും പതിവായി കാട്ടാനകള്‍ എത്തുന്നതോടെ പ്രദേശവാസികളുടെ രാത്രിയാത്രയും ഭയത്തോടെയാണ്‌. ഒലിവുമലയോട്‌ ചേര്‍ന്ന ചുണ്ടവയല്‍, തളിമല മേഖലകളിലും ആനയുടെ ആക്രമണം പതിവ്‌ കാഴ്‌ചയായി മാറി. ജനകീയ ഫെന്‍സിംഗ്‌ സംവിധാനങ്ങള്‍ തകര്‍ന്നതാണ്‌ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക്‌ ഇറങ്ങാന്‍ പ്രധാന കാരണമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

സന്ധ്യമയങ്ങിയാല്‍ വീടിന്‌ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തവിധം ഭീതിയിലാണ്‌ തോട്ടം തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന ജനങ്ങള്‍. ജനങ്ങളുടെ പ്രധാന ജീവനമാര്‍ഗമായ കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്‌. വാഴ, കമുക്‌, തെങ്ങ്‌, കാപ്പി, കുരുമുളക്‌ തുടങ്ങിയവയെല്ലാം ആനകള്‍ ദിവസേനയെന്നോണം നശിപ്പിക്കുന്നുണ്ട്‌.

ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ ഏതാനും ദിവസങ്ങളില്‍ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വന്‍തുക കടമെടുത്തും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വീടുകളുടെ മതിലുകളും ഗേറ്റുകളും തകര്‍ത്താണ്‌ ആനകള്‍ ജനവാസ മേഖലകളില്‍ നിലയുറപ്പിക്കുന്നത്‌. രാത്രികാലങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ ശബ്‌ദം കേട്ട്‌ പുറത്തിറങ്ങുന്ന ആളുകള്‍ക്ക്‌ നേരെ ആനകള്‍ പാഞ്ഞടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ്‌ പ്രദേശവാസികള്‍ക്ക്‌ പരുക്കേറ്റ സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വീട്ടിലും റോഡരികുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ എന്നിവ കാട്ടാനകള്‍ തകര്‍ക്കുന്നത്‌ പതിവാണ്‌.

വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി താത്‌കാലികമായി ആനകളെ കാട്ടിലേക്ക്‌ ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക്‌ തിരിച്ചെത്തുന്ന സാഹചര്യമാണ്‌. വന്യമൃഗശല്യത്തിന്‌ ശാശ്വതമായ പരിഹാരം കാണണമെന്നും തകര്‍ന്ന ഫെന്‍സിംഗ്‌ പുനഃസ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ശക്‌തമായ പ്രതിഷേധത്തിലാണ്‌.

അടിയന്തരമായി സോളാര്‍ വേലികള്‍ സ്‌ഥാപിക്കണമെന്നും വനപാലകരുടെ രാത്രികാല പട്രോളിംഗ്‌ ശക്‌തമാക്കണമെന്നുമാണ്‌ ജനങ്ങളുടെ ആവശ്യം. കാട്ടാനകള്‍ ഉണ്ടാക്കിയ നാശനഷ്‌ടങ്ങള്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്‌തമായ ജനകീയ സമരങ്ങളിലേക്ക്‌ നീങ്ങുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ്‌ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *