മാനന്തവാടി:ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. 2026 ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇനിയും നടപടിക്രമം പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇ-കെവൈസി നിർവഹിക്കണം.
ആർക്കൊക്കെയാണ് ഇ-കെവൈസി ചെയ്യേണ്ടത്?
* ഇതുവരെ ഒരിക്കലും ഇ-കെവൈസി (ബയോമെട്രിക്) ചെയ്യാത്ത എല്ലാ ഗ്യാസ് ഉപഭോക്താക്കളും നിർബന്ധമായും ഇ-കെവൈസി പൂർത്തിയാക്കണം.
* ഇതിനകം ഇ-കെവൈസി ചെയ്തിട്ടുള്ള സാധാരണ ഉപഭോക്താക്കൾക്ക് വീണ്ടും ചെയ്യേണ്ടതില്ല.
* PMUY (പ്രധാനമന്ത്രി ഉജ്ജ്വല യോജന) ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളും എല്ലാ വർഷവും ഇ-കെവൈസി പുതുക്കി പൂർത്തിയാക്കേണ്ടതാണ്.
പ്രത്യേക അറിയിപ്പ്
* ഗ്യാസ് കണക്ഷൻ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ, കണക്ഷൻ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയശേഷം ഇ-കെവൈസി (ബയോമെട്രിക്) പൂർത്തിയാക്കണം.
* കണക്ഷൻ ഉടമ സ്ഥിരമായി പുറത്താണെങ്കിൽ, വിദേശത്താണെങ്കിൽ, അല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് കണക്ഷൻ അർഹരായ അവകാശിയുടെ പേരിലേക്ക് മാറ്റി ഇ-കെവൈസി നടപടിക്രമം പൂർത്തിയാക്കേണ്ടതാണ്.
ഇ-കെവൈസി ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ സെന്ററുകളിലും, CSC (കോമൺ സർവീസ് സെന്റർ) കേന്ദ്രങ്ങളിലുമാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ ബന്ധപ്പെട്ട ഇൻഡെയ്ൻ ഗ്യാസ് ഏജൻസിയിലും സേവനം ലഭ്യമാണ്.
ജൂലൈ 31-നകം പരമാവധി ഉപഭോക്താക്കളുടെ ഇ-കെവൈസി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ലഭ്യമായ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയും ബോധവൽക്കരണവും ആവശ്യമായ നിർദേശങ്ങളും നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് കുളങ്ങരത്ത്,സയ ഇൻഡെയ്ൻ സർവീസസ് ഇ-കെവൈസി കോ-ഓർഡിനേറ്റർ സലീം കെ. പി. അറിയിച്ചു.
അവസാന തീയതിയായ ജൂലൈ 31 വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ഇ-കെവൈസി പൂർത്തിയാക്കി ഗ്യാസ് വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും അഭ്യർഥിക്കുന്നു.
