മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

മൂന്നാര്‍:ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

 

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.

Leave a Reply

Your email address will not be published. Required fields are marked *