കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്ത് എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് ധനസഹായമായി കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കി. മരണപ്പെട്ട അറുമുഖന്റെ ഭാര്യ ലക്ഷ്മി 3 വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. വനാവകാശ നിയമ പ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് ഭൂമിയും, വീടും നല്‍കിയ പ്രദേശമാണ് പൂളക്കുന്ന് ഉന്നതി. ഇതിന് സമീപമാണ് മരിച്ച അറുമുഖന്‍ താമസിച്ച് വന്നിരുന്നത്. ഫെന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള മതിയായ ഫണ്ട് ബഡ്ജറ്റിലോ, മറ്റ് വിവിധ പദ്ധതികളിലോ വയനാട് പാക്കേജിലോ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രി നേതൃത്വം കൊടുത്ത മീറ്റിംഗില്‍ തിരുവനന്തപുരത്ത് നിയോജകമണ്ഡലത്തിലെ ഫെന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ഫണ്ടിനെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ബഡ്ജറ്റുകളില്‍ ഒന്നിലും തന്നെ ജില്ലയിലെ വന്യമൃഗാക്രമണം തടയുന്നതിന് വേണ്ടി ഫെന്‍സിംഗിനും അനുബന്ധ പ്രവൃത്തികള്‍ക്കും ഒരു രൂപാ പോലും നീക്കി വെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വയനാടിന് വേണ്ടി 7000 കോടി രൂപയുടെ പാക്കേജ് നേരത്തെ പ്രഖ്യാപിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പ്രസ്തുത പാക്കേജിലും ഒന്നും തന്നെയില്ല. ജനങ്ങളുടെ ജീവന് വിലയില്ലാത്ത അവസ്ഥ ഏറെ വേദനിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ പരിഹാരമുണ്ടാക്കിയേപറ്റുവെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.വന്യമൃഗാക്രമണത്തില്‍ മരിച്ചാല്‍ കേവലം 10 ലക്ഷം രൂപയും, കുടുംബാംഗത്തിന് താല്‍കാലിക ജോലിയുമല്ലാതെ സുരക്ഷയെന്നൊരു ഉറപ്പ് ജില്ലയിലെ ഒരാള്‍ക്കുമില്ല. പുലിയോ, കടുവയോ കാട്ടാനയോ ജനവാസമേഖലകളിലെത്താത്ത ഒരു ദിവസം പോലും വയനാട്ടിലില്ല. ആയതിനാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് അര്‍ഹമായ ധനസഹായം അനുവദിക്കുന്നതിനും, വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുന്നത് തടയുന്നതിന് വയനാട് പാക്കേജിലോ, വനം വകുപ്പിന്റെ ഫണ്ടില്‍ നിന്നോ തുക അനുവദിച്ച് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് കാടും നാടും വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ വനം വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു
കാടും നാടും വേര്‍തിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ വന്യമൃഗാക്രമണങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനാകില്ല: ടി. സിദ്ധിഖ് എം.എല്‍.എ
