യു ഡി എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം നല്‍കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പുല്‍പ്പള്ളി : പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ ഐ സി സി നേതൃത്വം നിയമിച്ചിരിക്കുന്നതെന്നും ഈ ടീം യു ഡി എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുല്‍പ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത്. ഒരു സഭയും ആരുടെ പേരും പറഞ്ഞിട്ടില്ല. പതിവു പോലുള്ള സോഷ്യല്‍ ബാലന്‍സിങ് ഇത്തവണയും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന, മൂന്നാം തവണയും എം എല്‍ എയായി തുടരുന്ന നേതാവാണ് സണ്ണി ജോസഫ്. മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും അഭിഭാഷനുമാണ് അദ്ദേഹം. എല്ലാ കഴിവുകളും പരിഗണിച്ചാണ് അദ്ദേഹത്തെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ആന്റോ ആന്റണി ഉള്‍പ്പെടെ നിരവധി പേരെ പരിഗണിച്ചിട്ടുണ്ട്. കെ പി സി സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും. സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും. കെ സുധാകരന്‍ സജീവമായി സംഘടയ്ക്ക് നേതൃത്വം നല്‍കി. ഞങ്ങള്‍ ഒന്നിച്ചാണ് എല്ലാ ചെയ്തുകൊണ്ടിരുന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഞങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്നാണ് പറഞ്ഞത്. ചില മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് മാത്രമാണ് ലക്ഷ്യം. ബി ജെ പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ബി ജെ പിയില്‍ ചേര്‍ന്നിട്ട് എത്ര വര്‍ഷമായെന്ന് നിങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്തോയെന്നും, അദ്ദേഹം എങ്ങനെയാണ് എം പി ആയതെന്നും, ഏത് പര്‍ട്ടിയാണ് അദ്ദേഹത്തെ പിന്തുണച്ചതെന്നും സതീശന്‍ ചോദിച്ചു. ബി ജെ പിയുടെ ബൂത്ത് പ്രസിഡന്റായെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും നാല്‍പ്പതും അറുപതും വര്‍ഷം പ്രവര്‍ത്തിച്ചവരെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹത്തെ ബി ജെ പി പ്രസിഡന്റാക്കിയതെന്നും സതീശൻ കുറ്റപ്പെടുത്തി. യു ഡി എഫിനെ നൂറ് സീറ്റിലധികം നേടി അധികാരത്തില്‍ എത്തിക്കാനുള്ള പ്ലാന്‍ ഞങ്ങള്‍ക്കുണ്ട്. എല്ലാവരും ചേര്‍ന്നാണ് ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉള്‍പ്പെടെയുള്ള മിടുക്കരുടെ ഒരു നിരയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം

പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *