Headlines

നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

ബത്തേരി : പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍ കോളനിക്കവലയ്ക്കു സമീപം തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ കുടുങ്ങിയ നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കുപ്പാടി പച്ചാടിയിലെ വന്യജീവി അഭയകേന്ദ്രത്തില്‍നിന്നു രാത്രി 12 ഓടെ പ്രത്യേക വാഹനത്തിലാണ് കടുവയെ തൃശൂരിനു കൊണ്ടുപോയത്. രാവിലെ എട്ടരയോടെയാണ് പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. മുക്കിന് ഉള്‍പ്പെടെ പരിക്കുള്ള കടുവയ്ക്കു ചികിത്സ തുടങ്ങി. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാണ് പരിക്കുകളെന്നാണ് വനസേനയുടെ അനുമാനം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഡാറ്റ് ബേസില്‍ ഡബ്ല്യു.ഡബ്ല്യു.എല്‍ 45 നമ്പറിലുള്ളതാണ് 13 വയസ് മതിക്കുന്ന ആണ്‍ കടുവ.

കഴിഞ്ഞ ഒമ്പതിനു പകല്‍ കൂടല്ലൂരില്‍ കര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കാനായില്ലെങ്കില്‍ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായിരുന്നു. പിടിക്കാന്‍ വനം ദൗത്യ സംഘം ശ്രമിക്കുന്നതിനിടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നരഭോജി കടുവയെ കൊല്ലണമെന്ന് പ്രദേശവാസികള്‍ ശഠിച്ചിരുന്നു. കടുവയെ കൂടല്ലൂരില്‍നിന്നു ജീവനോടെ കൊണ്ടുപോകുന്നതിനെ അവര്‍ എതിര്‍ക്കുകയുമുണ്ടായി. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി 8.15ഓടെയാണ് കടുവയെ കൂടല്ലൂരില്‍നിന്നു ബത്തേരിക്കു മാറ്റിയത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കടുവയെ തൃശൂരിലേക്കു മാറ്റുമെന്ന് വനം ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കിടെ ഉറപ്പുനല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *