#സമീർ എം എ പിലാക്കാവ്
കൈതവള്ളിയിലെ
ബെല്ലിപ്പാന്റെ
ഓല മേഞ്ഞ
ചായക്കടയിൽ
ഗോപിയേട്ടനും
മൊട്ട രാജുവും
ജോർജ്ജേട്ടനുമൊക്കെ
കട്ടനടിച്ച് സൊറ പറയും
ചിലപ്പോൾ സമയത്തെ
കൊല്ലാൻ
മേശക്ക് ചുറ്റുമിരുന്ന്
റമ്മി കളിക്കും
ആളൊഴിഞ്ഞാൽ
രാത്രി
ഒൻപത് മണിക്ക്
മണിയൻകുന്നിലെ
തറവാട് വീട്ടിലേക്ക്
പതിയെ
നടക്കും
ഞാനും ബെല്ലിപ്പയും
ഉമ്മൂമ്മയും
ബെല്ലിപ്പാന്റെ
കയ്യിൽ മൂന്ന് ബാറ്ററികളുള്ള
ടോർച്ചും
എന്റെ കയ്യിലൊരു
ഫിലിപ്സിന്റെ
തുറന്ന് വച്ച
പഴയ റേഡിയോയും
തച്ചറക്കൊല്ലിയിലെ
മൺറോഡിൽ
മഴ പെയ്‌താൽ
ചെളിയിൽ
കാലുകൾ
ഒന്നിൽ കൂടുതൽ തവണ
കുത്തി ഉറപ്പിക്കണം
ഇല്ലേൽ
നടു കുത്തി താഴെ വീഴും
ആ കർക്കടകത്തിലെ
ഒരു
വെള്ളിയാഴ്‌ച്ച
പതിവിലും
കൂടുതൽ
മഴ പെയ്തപ്പോൾ
എന്നത്തേക്കാളേറെ
വൈകിയാണ്
ചായക്കടയിൽ
നിന്നിറങ്ങിയത്
തച്ചറകൊല്ലിയിലൂടെ
നടന്ന്
മണിയൻകുന്നിലെ
നാലും കൂടിയ
കവലയിൽ
എത്തുമ്പോൾ
കാറ്റ് ശക്തിയിൽ
വീശുന്നുണ്ട്
ഒരനക്കം
ബെല്ലിപ്പാന്റെ
ബാറ്ററി ടോർച്ചിന്റെ
നീട്ടിയുള്ള
വെളിച്ചത്തിൽ
പെരുമഴയത്തും
കുട ചൂടാതെ
നനഞ്
മുല്ലപ്പൂ ചൂടിയ
സാരിയുടത്ത
വെളുത്തൊരു
പെണ്ണ്
ആരാണെന്ന്
ചോദിച്ചെങ്കിലും
അവരൊന്നും മിണ്ടിയില്ല
ബെല്ലിപ്പ എന്നെയും
ഉമ്മുമ്മയെയും
ഒരു വശത്തേക്ക്
നീക്കി
ഒരു ചെറു ചിരിയിൽ
ഒന്നും മിണ്ടാതെ
ശര
വേഗത്തിൽ
ഞങ്ങളെ കടന്ന്
പുറകിലോട്ട്
പോയ
അവളെ
തിരിഞ്ഞു നോക്കാൻ
നേരം
ബെല്ലിപ്പ
എന്റെ മുഖം
മറച്ചു നിന്നു
മുല്ലപ്പൂവിന്റെ മണം മനസ്സിൽ പേടിയേറ്റി
റേഡിയോയിലെ
സോജാ രാജ്കുമാരി
എന്റെ വിറച്ച
വിരലുകളമർന്ന്
പൊടുന്നനെ നിന്നു
ഓള് സുമതിയാണ്
പേടിക്കണ്ട
നിങ്ങൾ
ബെല്ലിപ്പാന്റെ
ശബ്ദം
ഇടറിയിട്ടുണ്ട്
മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരുന്നു
അര കിലോമീറ്റർ മാത്രം
നടന്നാലെത്തുന്ന
തറവാട് വീട്
ദൂരേക്ക് നീങ്ങിയതായി തോന്നി
ചളി നിറഞ്ഞ
വഴികളിൽ
കാലുറപ്പിക്കാൻ
കഴിയാതെ
റേഡിയോയും ഞാനും
ആകാശം മറഞ്ഞ കുടയും
നടു കുത്തി വീണു
ഹമുക്കേ നോക്കി നടക്ക്
ബെല്ലിപ്പാന്റെ ചീത്തയ്ക്കന്ന്
ചെറിയൊരു സമാധാനം തോന്നി
ആ രാത്രിയിലെ
ചൂട് കൂടിയ പനിയിൽ
ഞാൻ ഇടയ്ക്കിടെ സുമതി
എന്ന് പേരെടുത്ത്
പിച്ചും പേയും പറഞ്ഞു
ഒടിയൻ
പശു
സുമതി
പോക്ക് വരവ്
പതിഞ്ഞ സ്വരത്തിൽ
ബെല്ലിപ്പ ഉമ്മുമ്മയോട്
സുമതിയെ കുറിച്ചെന്തോ പറയുന്നത്
പനി പിടിച്ച പാതിയുറക്കത്തിൽ
കേട്ടു
പിന്നീട് എത്രയോ
രാത്രികൾ
ഒറ്റയ്ക്കും
ബെല്ലിപ്പാന്റെ കൂടെയും
കർക്കടകമഴയത്തും
നാലും കൂടിയ കവലയിലൂടെ നടന്നു പോയിട്ടുണ്ട്
ഒരിക്കൽ പോലും
സുമതിയെ കണ്ടിട്ടില്ല
കർക്കിടക മാസത്തിലെ കോരിച്ചൊരിയുന്ന
മഴയിൽ
പാതിരാത്രിയോടടുത്ത്
മുല്ലപ്പൂ ചൂടി
സാരിയുടുത്ത് സുന്ദരിയായ
ഒറ്റ നോട്ടത്തിൽ
ഒരു ചെറു പുഞ്ചിരിയോടെ ഓടി മറഞ്ഞ
സുമതി
ഒരു വേശ്യയല്ല
ഇന്നും ഉത്തരം കിട്ടാതെ
പനി പിടിച്ച ചില ഉറക്കങ്ങളിൽ ഞാൻ സുമതിയെ കുറിച്ച് ചോദിക്കുമത്രേ
ആളുകൾ കൂട്ടം കൂടുന്ന
അമ്പലമൂലയിലെ ശിവരാത്രി ഉത്സവത്തിനും
ആനവണ്ടിയിറങ്ങുന്ന
കാറ്റാടി ചോട്ടിലും
ഇവിടെ
മണിയൻകുന്നിലെ
നാലും കൂടിയ കവലയിലും
എന്നും
പ്രതീക്ഷയോടെ
നോക്കാറുണ്ട്
പിന്നീടൊരിക്കലും
ചെറു ചിരിയുമായി
സുമതി മുന്നിലെത്തിയിട്ടില്ല
ആരായിരുന്നവൾ..?
അന്നവസാനമായവൾ
ഓടിയൊളിച്ചതാണോ…?
നാലും കൂടിയ കവലയിലെ
ഒരിക്കലും തീരാത്ത തണുത്ത കാറ്റ്
നിൽക്കാതെ വീശുന്നത് സുമതിക്ക് വേണ്ടിയാണോ…?
