കാരക്കാമല: ഇവിടെ ഇരിക്കുമ്പോഴും മനസ് മുഴുവൻ തെരഞ്ഞെടുപ്പിലാണ്. എൽഡിഎഫ് മൂന്നാമതും വരും. മാനന്തവാടിയിൽ നാട് മുഴുവൻ കേളുവിനൊപ്പമുണ്ട്. എൽഡിഎഫ് സർക്കാരിനും ഒ ആർ കേളുവിനുമിത് മൂന്നാം ഉൗഴമാണ്. നാടെങ്ങനെ മാറിയെന്ന് ഇൗ കട്ടിലിൽകിടന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. പിന്നെ ജനം കാണാതിരിക്കുമോ. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും’– മാനന്തവാടി മുൻ എംഎൽഎ കെ സി കുഞ്ഞിരാമൻ തന്നെ കാണെനെത്തിയ മാനന്തവാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ഒ ആർ കേളുവിനോട് പറഞ്ഞു. വെള്ളി രാവിലെ പത്തോടെയാണ് ഒ ആർ കേളു കാരായ്ക്കാമലയിലെ വീട്ടിലെത്തി കെ സി കുഞ്ഞിരാമനെ കണ്ടത്. സുഖവിവരങ്ങൾ അന്വേഷിക്കുകയും തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിടുകയും ചെയ്തു. പതിറ്റാണ്ടുകൾ യുഡിഎഫ് കുത്തകയായിരുന്ന മാനന്തവാടി മണ്ഡലത്തിൽ 2006ൽ ചരിത്രവിജയം കുറിച്ചാണ് കെ സി കുഞ്ഞിരാമൻ എംഎൽഎയായത്. പൊതുപ്രവർത്തനത്തിൽ സജീവമായിനിൽക്കേ 10 വർഷം മുന്‍പുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് കിടപ്പിലായത്.
എൽഡിഎഫ് സ്ഥാനാർഥിക്കായി വീടിന്റെ മതിലിൽ വോട്ട് അഭ്യർഥന എഴുതിച്ചും കാണനെത്തുന്നവരോട് എൽഡിഎഫ് സർക്കാർ വീണ്ടും വരേണ്ടതിന്റെ പ്രാധാന്യം വിവരിച്ചും ആവുംവിധം പ്രചാരണം നടത്തുകയാണ്. ഒരുമണിക്കുറോളം ഒ ആർ കേളു മുൻ എംഎൽഎയുമായി സംസാരിച്ചു.
കുടുംബാംഗങ്ങളോടും വിശേഷങ്ങൾ തിരക്കിയാണ് മടങ്ങിയത്. നേതാക്കളായ കെ എം വർക്കി, തോമസ് കാരക്കാമല എന്നിവരും ഒപ്പമുണ്ടായിരുന്നു.
