അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍

യു ഡി എഫ് ത്രിതലപഞ്ചായത്ത് ജനപ്രതിന്ധികളുടെ സംഗമം നടത്തി

 

കര്‍ണാടകയിലും തെലുങ്കാനയിലും നടപ്പിലാക്കിയത് പോലെ

അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍

 

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം നടത്തി. കര്‍ണാടക ഭവന, വഫഖ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധി കേരളത്തിനായി പ്രഖ്യാപിച്ച അഞ്ചുഗ്യാരണ്ടികള്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ ഗ്യാരണ്ടികളും യാഥാര്‍ഥ്യമാക്കി. അന്ന് ഗ്യാരണ്ടികള്‍ പ്രഖ്യാപിക്കുമ്പോള്‍ ബി ജെ പി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും നടക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ അധികാരത്തിലെത്തിയപ്പോള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന സര്‍ക്കാരും സമാനമായ രീതിയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഗ്യാരണ്ടികള്‍ നടപ്പിലാക്കി. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്രയെന്ന ഗ്യാരണ്ടിയായിരുന്നു ഇരുസംസ്ഥാനങ്ങളിലും ആദ്യം നടപ്പിലാക്കിയത്. ഇതിന് പിന്നാലെ തന്നെ മറ്റെല്ലാ ഗ്യാരണ്ടികളും ഒന്നൊന്നായി ഇരുസര്‍ക്കാരുകളും നടപ്പിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് എന്റെ സഹോദരനാണ്. എന്നും ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേതാവാണ് അദ്ദേഹം. എം എല്‍ എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സിദ്ദിഖിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും സമീര്‍ അഹമ്മദ് ഖാന്‍ അഭ്യര്‍ഥിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ധിഖ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ഹംസ, ചന്ദ്രികാകൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, കെ വി പോക്കര്‍ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *