കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റെ ഭൂമി വിഷയത്തില്‍ 26ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ യോഗം. ജില്ലാ കളക്ടര്‍ ഡോ.രേണുരാജാണ് യോഗം വിളിച്ചത്. മാനന്തവാടി താലൂക്കില്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നന്പര്‍ 238/1ല്‍പ്പെട്ട 11.25 ഏക്കര്‍ ഭൂമി വനം വകുപ്പ് നിക്ഷിപ്ത വനമായി മാറ്റിയതു സംബന്ധിച്ചാണ് യോഗമെന്ന് കളക്ടര്‍ക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍(എല്‍എ) ബന്ധപ്പെട്ടവര്‍ക്കു അയച്ച നോട്ടീസില്‍ പറയുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി തന്പലക്കാട് കാഞ്ഞിരത്തിനാല്‍ ജോസ്, കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ പരേതനായ ജോര്‍ജിന്‍റെ മക്കളായ തോമസ്, ട്രീസ, ജോളി ജോര്‍ജ്, കളക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ സത്യഗ്രഹം നടത്തുന്ന ട്രീസയുടെ ഭര്‍ത്താവ് കോഴിക്കോട് കരിങ്ങാട് കട്ടക്കയത്തില്‍ ജയിംസ് എന്നിവര്‍ക്കാണ് യോഗത്തില്‍ പങ്കെടുക്കുന്നതിനു നോട്ടീസ് അയച്ചത്. ഇതിന്‍റെ പകര്‍പ്പ് ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ഡെപ്യൂട്ടി കളക്ടര്‍(എല്‍ആര്‍), ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍, മാനന്തവാടി തഹസില്‍ദാര്‍, ജില്ലാ കളക്ടറുടെ സിഎ എന്നിവര്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്.
1967ല്‍ കുട്ടനാടൻ കാര്‍ഡമം കന്പനിയില്‍നിന്നു കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആൻഡ് അസൈൻമെന്‍റ്) നിയമം ഉപയോഗപ്പെടുത്തി 1976ലാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇതില്‍ 75 സെന്‍റ് ഒഴികെയുള്ളത് വനഭൂമിയാണെന്നു 1985ല്‍ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഈ 75 സെന്‍റ് അവകാശികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചതിനാല്‍ ജൂണ്‍ 23ന് രാവിലെ 11ന് കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കാഞ്ഞിരത്തിനാല്‍ ജോസിനും ജോര്‍ജിന്‍റെ അവകാശികള്‍ക്കും മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ നോട്ടീസ് വിട്ടിരുന്നു.
ഭൂമിയുടെ സര്‍വേ നന്പര്‍, തണ്ടപ്പേര്‍ തുടങ്ങിയ വിവരം രേഖപ്പെടുത്താതെ ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസില്‍ ഹാജരായ കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ സ്ഥലം സ്വീകരിക്കാനാകില്ലെന്നാണ് അറിയിച്ചത്. വനം വകുപ്പ് വിജ്ഞാപനം ചെയ്തത് ഒഴികെ 75 സെന്‍റ് സ്വീകരിക്കുന്നത് ഭാവിയില്‍ നിയമനടപടികള്‍ക്കു കാരണമാകുമെന്ന ശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്.
കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന, നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടേതടക്കം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. എങ്കിലും 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവും 2013ല്‍ വനഭൂമിയായി വിജ്ഞാപനം ചെയ്ത നടപടിയും റദ്ദുചെയ്ത് ഭൂമി തിരികെ നല്‍കാൻ സര്‍ക്കാര്‍ തയാറായില്ല. പകരം ഭൂമി എന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വിയോജിക്കുകയാണുണ്ടായത്.
എന്നാല്‍ ഭൂമിയുടെ കന്പോള വില ലഭ്യമാക്കിയാല്‍ സ്വീകരിക്കാമെന്നു അറിയിച്ചു. അവകാശികളില്‍ ട്രീസ സെന്‍റിന് രണ്ടര ലക്ഷവും മറ്റുള്ളവര്‍ അര ലക്ഷവും രൂപയാണ് കന്പോള വിലയായി ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ ഇതുവരെ ധാരണയായില്ല.
കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട 1985ല ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധി റദ്ദാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയര്‍മാൻ കെ. ബൈജുനാഥ് കഴിഞ്ഞ ജൂലൈ 31ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. കളക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ജയിംസിന്‍റെ പരാതി തീര്‍പ്പാക്കിയായിരുന്നു കമ്മീഷൻ നിര്‍ദേശം. കൊടിയ അനീതിയാണ് കുടുംബത്തിനു നേരിടേണ്ടിവന്നതെന്നും വനം ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്നും കമ്മീഷൻ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിനു ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവായി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളുടെ യോഗം വിളിച്ചത്.
