വിദ്യാർത്ഥികൾക്ക് ആശ്വാസം? പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ. ദിവസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. വെബ്സൈറ്റ് ഉടൻ ശരിയാകുമെന്ന് ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് ഉറപ്പ് നൽകിയെങ്കിലും സാങ്കേതിക തടസ്സം നേരിടുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ അപേക്ഷിക്കാൻ കാത്തിരുന്ന നിരവധി വിദ്യാർത്ഥികളായിരുന്നു പ്രതിസന്ധിയിലായത്. ഓൺ സ്ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യ നിർണയത്തിനെതിരെ വ്യാപകമായ പരാതിയും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും അവതാളത്തിലായത്.

 

അതേസമയം സംഭവത്തിൽ സിബിഎസ്ഇയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് മുഖം രക്ഷിക്കൽ നടപടിയിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം. വിവാദകമ്പനിയായ COEMPTന് കരാർ നൽകിയതിലും റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്പനിക്ക് അനൂകൂലമായി ടെൻഡർ വ്യവസ്ഥകൾ അടക്കം തിരുത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് മന്ത്രാലയം ഇടപെടുന്നത്. അതേസമയം ഇന്ന് സിബിഎസ്ഇ വിഷയം വിദ്യാഭ്യാസ പാർലമെന്ററി സമിതി യോഗം പരിഗണിക്കും.

 

സി ബി എസ് ഇ വെബ്സൈറ്റ് തകരാറിൽ സൈബർ ആക്രമണം ഉണ്ടായതായി ഇക്കഴിഞ്ഞ ദിവസം സി ബി എസ് ഇ സമ്മതിച്ചിരുന്നു. സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സി ബി എസ് ഇ യുടെ പോർട്ടലിനെതിരെ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *