ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച മരിയനാട് ഭൂസമരകേന്ദ്രം സന്ദര്‍ശിക്കും; 70 കുടുംബങ്ങള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് നല്‍കും

കല്‍പ്പറ്റ: ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മരിയനാട് ആദിവാസി ഭൂസമര കേന്ദ്രം സന്ദര്‍ശിക്കും. കുടിലുകളുടെ ചോര്‍ച്ച തടയുന്നതിന് സമരകേന്ദ്രത്തിലെ 70 കുടുംബങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ലഭ്യമാക്കിയ പ്ലാസ്റ്റിക് ഷീറ്റുകളുടെ വിതരണം അദ്ദേഹം നിര്‍വഹിക്കും.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ പാമ്പ്രയ്ക്കു സമീപമാണ് മരിയനാട്. ഇവിടെ

വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തിലാണ് ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ ഭൂസമരം നടത്തുന്നത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍ സമരമുഖത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണ് കാപ്പിത്തോട്ടത്തില്‍ കുടില്‍കെട്ടി താമസമാക്കിയ കുടുംബങ്ങളില്‍ ഏറെയും. 2022 മെയ് 31നു ആരംഭിച്ചതാണ് സമരം.

233 ഹെക്ടര്‍ വരുന്നതാണ് മരിയനാട് കാപ്പിത്തോട്ടം. ഇതില്‍ 135 ഹെക്ടര്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നേരത്തേ സമരം ചെയ്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ബാക്കി 98 ഹെക്ടറിലാണ് പിന്നീട് കുടില്‍കെട്ടല്‍ നടന്നത്. മുത്തങ്ങ ഭൂസമരത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ് മരിയനാട് തോട്ടം. ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവച്ച ഭൂമി’ എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വനം വികസന കോര്‍പറേഷന്റെ തൊഴിലാളികളായിരുന്ന ചിലരും തോട്ടത്തില്‍ താമസമുണ്ട്.ഒരു ഏക്കര്‍ വീതം 200 ഓളം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു പര്യാപ്തമായ ഭൂമി മരിയനാട് തോട്ടത്തിലുണ്ട്.

സമരകേന്ദ്രത്തില്‍ ആദിവാസികള്‍ കെട്ടിയ കുടിലുകളില്‍ പലതും മഴയത്ത് ചോര്‍ന്നൊലിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ഫൗണ്ടേഷന്‍ ഇടപെടലെന്ന് വൈസ് ചെയര്‍മാന്‍ പി.ടി. ജോണ്‍ പറഞ്ഞു. ഫൗണ്ടേഷന്‍ നേരത്തേ മരിയനാടിലെ ഏതാനും കുടുംബങ്ങള്‍ക്ക് കുടില്‍ പുതയ്ക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *