Headlines

വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി: സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ സേവനം വ്യാപിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. പഴക്കമുള്ള ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും വ്യക്തികൾക്കും ബസുകൾ സ്പോൺസർ ചെയ്യാം.

 

സി.എസ്.ആർ ഫണ്ടുകളും ഇതിനായി വിനിയോഗിക്കാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പദ്ധതി വഴി സ്വീകരിക്കുന്നത്. സ്പോൺസർമാർക്ക് ബസുകൾ നേരിട്ട് വാങ്ങി നൽകുകയോ അല്ലെങ്കിൽ അതിനുള്ള തുക കെ.എസ്.ആർ.ടി.സിക്ക് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമാണ് നൽകുന്നതെങ്കിൽ ടെൻഡർ വഴിയാകും കോർപറേഷൻ ബസുകൾ വാങ്ങുക.

 

സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും കോർപറേഷന്റെ സ്ഥിര ആസ്തിയായി മാറുകയും ചെയ്യും. ഇൻഷുറൻസ്, അറ്റകുറ്റപ്പണി, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയെല്ലാം കെ.എസ്.ആർ.ടി.സിയുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. സ്പോൺസർമാർ ആവശ്യപ്പെടുന്ന റൂട്ടുകൾ നിലവിലെ സർവീസുകൾക്ക് പകരമാണെങ്കിൽ അതിനനുസരിച്ച് ക്രമീകരിക്കും. പുതിയ റൂട്ടുകളാണെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉറപ്പാക്കേണ്ടി വരും.

 

ബസ് സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാം. മുൻവശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60% സ്ഥലത്തും ഉൾവശത്ത് 30% സ്ഥലത്തും പരസ്യമാകാം. കൂടാതെ ‘സ്പോൺസേർഡ് ബൈ’ എന്നും എഴുതാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കുമായി കെ.എസ്.ആർ.ടി.സിയുടെ വിപണന വിഭാഗം പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *