ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.പി അനില്‍കുമാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. വാടക വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തില്‍ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകള്‍ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തില്‍ ജാതി-മത-ഭാഷ അതിരുകള്‍ക്ക് പുറത്ത് ഒരു മനസ്സോടെ ദുരന്തബാധിതര്‍ക്കായി സഹായ കൂട്ടായ്മകള്‍ ഉണ്ടായി. ദുരന്തബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ച് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. വരും ഘട്ടങ്ങളില്‍ ബാക്കി വരുന്ന വീടുകള്‍ കൂടി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് അറിയിക്കുന്ന നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും യാതൊരുവിധ തര്‍ക്കവുമില്ലാതെ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *