45-ാമത് വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 6, 7 തീയതികളിൽ മാനന്തവാടിയിൽ

മാനന്തവാടി: വിജ്ഞാനവും കൗതുകവും നിറഞ്ഞ ശാസ്ത്ര വിസ്മയങ്ങളുമായി 45-ാമത് വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 6, 7 തീയതികളിൽ മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയുടെ മൂന്നാം ഘട്ട അവലോകന യോഗം എം.ജി.എം സ്കൂളിൽ ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. നവംബർ 5-ന് രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുന്ന വിപുലമായ വിളംബര റാലിയോടെയാണ് ശാസ്ത്രോത്സവത്തിന് തുടക്കമാകുന്നത്. ശാസ്ത്ര കൗതുകം നിറഞ്ഞ റോബോട്ട് പ്രദർശനം, ശാസ്ത്ര സെമിനാറുകൾ, വാനനിരീക്ഷണം തുടങ്ങി വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്താനും അറിവ് പകരാനും സഹായിക്കുന്ന നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. മേളയ്‌ക്കെത്തുന്നവർക്കായി രണ്ടു ദിവസങ്ങളിലും വിഭവസമൃദ്ധമായ സദ്യയും ഒരുക്കും. എം.ജി.എം സ്കൂളിൽ ചേർന്ന അവലോകന യോഗം നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ് മൂസ, സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ, മാനന്തവാടി പ്രസ് ക്ലബ്ബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നജീബ് മണ്ണാർ, സ്കൂൾ അധ്യാപിക വി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *