സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം കരസ്ഥമാക്കി വയനാടിന്റെ കുഞ്ഞുപ്രതിഭ. കൽപ്പറ്റ സ്വദേശിനിയായ ഏഴു വയസ്സുകാരി ആദിലക്ഷ്മി സനേഷിനാണ് ഈ അഭിമാന നേട്ടം ലഭിച്ചത്. ഏഴു വയസ്സിനിടെ 13 ലോക റെക്കോർഡുകൾ സ്വന്തമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
വനിതാ ശിശുവികസന വകുപ്പും തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചേർന്ന് നൽകുന്ന, 6 നും 11 നും ഇടയിൽ പ്രായമുള്ളവരുടെ കാറ്റഗറിയിലാണ് ആദിലക്ഷ്മി ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 25,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഈ മാസം 14-ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി ഏഴു വയസ്സിനിടെ 13-ാമത്തെ ലോക റെക്കോർഡും ഈ കുരുന്നിനെ തേടിയെത്തി. രാജ്യങ്ങളുടെ ഔദ്യോഗിക ചിഹ്നം കണ്ട് വെറും രണ്ട് മിനിറ്റുകൊണ്ട് 195 രാജ്യങ്ങളുടെ പേര് കൃത്യമായി പറഞ്ഞതിനാണ് ആദിലക്ഷ്മിക്ക് ഏറ്റവും പുതിയ ‘സർട്ടിഫിക്കറ്റ് ഓഫ് വേൾഡ് റെക്കോർഡ്’ ലഭിച്ചത്. യു.കെ.ജിയിൽ പഠിക്കുമ്പോൾ ഓരോ രാജ്യത്തിന്റെയും ദേശീയ മൃഗത്തെ കണ്ട് രാജ്യങ്ങളുടെ പേര് പറഞ്ഞായിരുന്നു ആദിലക്ഷ്മിയുടെ ആദ്യ റെക്കോർഡ് നേട്ടം. രണ്ട് തവണ ഇന്റർനാഷണൽ സ്റ്റാർ കിഡ് അവാർഡും മൂന്ന് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടാൻ ഈ കുഞ്ഞുപ്രതിഭയ്ക്കായിട്ടുണ്ട്. കൽപ്പറ്റ ഓണിവയൽ ഓർക്കാഡ് വില്ലയിൽ സനേഷ് – രഞ്ജിനി ദമ്പതികളുടെ ഏക മകളായ ആദിലക്ഷ്മി, മൂന്നാനക്കുഴി ജീനിയസ് ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അറിവിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് കുതിക്കുന്ന ആദിലക്ഷ്മിയുടെ ഈ നേട്ടം വയനാടിനാകെ വലിയൊരു മാതൃകയും അഭിമാനവുമാണ്.
