കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ബാധിക്കുന്നതു അന്വേഷിക്കണമെന്ന് പുത്തൂര്‍വയലില്‍ നടന്ന ജനകീയ സെമിനാര്‍ കേന്ദ്ര ആഭ്യന്തര, പരിസ്ഥിതി, ധനകാര്യ മന്ത്രാലയങ്ങളോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു. ഗവേഷണത്തിനു ലഭ്യമാക്കുന്ന പണം രാജ്യതാത്പര്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിംഗ് ആകുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന ആവശ്യവും സെമിനാറില്‍ ഉയര്‍ന്നു. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും പഠന-ഗവേഷണ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ‘സുരക്ഷിതമാണ് വയനാട്’ മുദ്രാവാക്യം ഉയര്‍ത്തിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട് സുരക്ഷിതമല്ല എന്ന് പ്രചരിപ്പിക്കുന്നതിന് പെയ്ഡ് ഗവേഷകരും അന്താരാഷ്ട്ര ബന്ധമുള്ള ചില ശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷണ പ്രസ്ഥാനങ്ങളും നടത്തുന്ന നീക്കം പ്രതിരോധിക്കണം. കര്‍ഷകരെയും സാധാരണക്കാരയും പശ്ചിമഘട്ടത്തില്‍നിന്നു കുടിയിറക്കാനായുള്ള ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു 2008 മേയ് ഒന്നിന് രൂപീകരിച്ച ക്രിട്ടിക്കല്‍ ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ഷിപ്പ് ഫണ്ട് വാങ്ങിയ മുഴുവന്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും പ്രാദേശിക നിര്‍വഹണ സംഘങ്ങളുടെയും പ്രവര്‍ത്തനം നിരോധിക്കണം.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനരക്ഷയ്ക്ക് ശാസ്ത്ര-പഠന-ഗവേഷണ മേഖലകളില്‍ ഒഴുക്കുന്ന നികുതിപ്പണം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണം. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം അവസരമാക്കി മാനുഷിക പരിഗണന നല്‍കാതെ വയനാട് അടക്കം പശ്ചിമഘട്ട ജില്ലകളില്‍ നിന്നു ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പരിസ്ഥിതി സംഘടനകളുടെ നീക്കം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തടയണം. പശ്ചിമഘട്ടത്തിലെ പ്രകൃതിദുരന്ത സാധ്യതകള്‍ പഠന വിധേയമാക്കണം. പ്രകൃതിദുരന്തങ്ങള്‍ ഇടനാടിനെയും കടല്‍ത്തീരങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണം.
പുഞ്ചിരിമട്ടം ദുരന്തബാധിതരെ വിശദമായി കേട്ടശേഷം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യം ഒരുക്കി പുനരധിവാസം നടത്തണം. സ്വതന്ത്ര ഭവനങ്ങളും ഭൂമിയുമാണ് ദുരന്തബാധിതര്‍ക്ക് തിരികെ ലഭിക്കേണ്ടത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പുനരധിവാസം രൂപകല്‍പന ചെയ്യണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
വയനാട് കര്‍ഷക കൂട്ടായ്മ, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കര്‍മ സമിതി, സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, ഇടുക്കി അതിജീവന പോരാട്ടവേദി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി, ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്, മലയോര കര്‍ഷക വേദി, മലനാട് കര്‍ഷക രക്ഷാസമിതി, കേരള അഗ്രി അലയന്‍സ് ഫെഡറേഷന്‍, എകെസിസി, എച്ച്എടിഎസ് വയനാട്, സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ്, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, റബര്‍ കര്‍ഷക സംഘടനകള്‍, ഏലം കര്‍ഷക സംഘടനകള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കര്‍ഷക സംഘടനകള്‍ എന്നിയുടെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
പശ്ചിമഘട്ട പഠനകേന്ദ്രം ഡയറക്ടര്‍ ജയിംസ് വടക്കന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ ട്രഷറര്‍ അഡ്വ.കെ.വി. ബിജു അധ്യക്ഷത വഹിച്ചു. ജോയി കണ്ണന്‍ചിറ, ഡിജോ കാപ്പന്‍, അഡ്വ. ബിനോയ് തോമസ്, അഡ്വ.ടി.യു. ബാബു, റസാഖ് ചൂരവേലി, ഇ.പി. ഫിലിപ്പുകുട്ടി, കമല്‍ വയനാട്, സുജി മാസ്റ്റര്‍, യാഹിയഖാന്‍ തലയ്ക്കല്‍, മാര്‍ട്ടിന്‍ തോമസ്, ഗഫൂര്‍ വെണ്ണിയോട്, സുനില്‍ ജോസ്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോണ്‍ മാസ്റ്റര്‍, എ.എന്‍. മുകുന്ദന്‍, ഇബ്രാഹിം തെള്ളിയില്‍, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ജിന്നറ്റ് മാത്യു, ബോണി, ഒ.ജെ. ജോണ്‍സണ്‍, അഡ്വ.സുമിന്‍ എസ്. നെടുങ്ങാടന്‍, ഷാജി എന്‍. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കണം: ജനകീയ സെമിനാര്‍
