കല്‍പ്പറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടതുമൂലം തൊഴില്‍ രഹിതരായ താത്കാലിക ജീവനക്കാര്‍ക്ക് മാസം 10,000 രൂപ വീതം വനം വകുപ്പ് നല്‍കുന്നതിനു നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍(സിഐടിയു) മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായ സാഹ്യചര്യത്തിലാണ് നിവേദനം നല്‍കിയതെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എം. സെയ്ത്, ജനറല്‍ സെക്രട്ടറി വി.വി. ബേബി, ജില്ലാ കമ്മിറ്റിയംഗം പി. വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൂചിപ്പാറ, ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, മീന്‍മുട്ടി, തോല്‍പ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി, മുനീശ്വരന്‍കുന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഫെബ്രുവരി 17 മുതല്‍ അടച്ചിട്ടിരിക്കയാണ്. കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു പുല്‍പ്പള്ളിയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ വനം വകുപ്പിനു കീഴിലുള്ള മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതു വിലക്കി പിന്നീട് കോടതി ഉത്തരവും ഉണ്ടായി.
ജില്ലയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലായി 400 ഓളം താത്കാലിക ജീവനക്കാരാണ് ഉള്ളത്. അതത് പ്രദേശങ്ങളിലെ വന സംരക്ഷണ സമിതി അംഗങ്ങളുമാണ് ഇവര്‍. ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ താത്കാലിക ജീവനക്കാര്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി. വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണം ഇല്ലാതെ വിഷമിക്കുകയാണ് ഓരോ താത്കാലിക ജീവനക്കാരനും. ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് ഓരോ പ്രദേശത്തെയും വഴിയോരക്കച്ചവടക്കാര്‍, ഹോട്ടല്‍, റസ്റ്ററന്റ് നടത്തിപ്പുകാര്‍, തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെയും ബാധിച്ചു. പ്രയാസപ്പെട്ടാണ് ഇവരെല്ലാംതന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
തുറന്നുപ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഓരോ ഇക്കോ ടൂറിസം കേന്ദ്രത്തിലും ദിവസം രണ്ട് ലക്ഷം രൂപ മുതല്‍ നാലു ലക്ഷം രൂപ വരെ വരുമാനം ഉണ്ടായിരുന്നു. ഈ തുകയില്‍നിന്നു താത്കാലിക ജീവനക്കാരുടെ വേതനം ഒഴികെയുള്ളത് വനം വകുപ്പിന്റെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച കോടിക്കണക്കിനു രൂപ വനം വകുപ്പിന്റെ അക്കൗണ്ടിലുണ്ട്. എന്നിരിക്കേ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതുവരെ മാസം 10,000 രൂപ വീതം താത്കാലിക ജീവനക്കാര്‍ക്ക് നല്‍കാന്‍ വനം വകുപ്പിന് കഴിയും.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലെ 44 ദിവസ വേതനക്കാര്‍ക്ക് വനം വകുപ്പ് 10,000 രൂപ വീതം താത്കാലിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ സഹായം ടൂറിസം കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതുവരെ തുടരണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ തൊഴില്‍ രാഹിത്യം: വയനാട് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നിവേദനം നൽകി
