പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും

കല്‍പ്പറ്റ: പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും. വയനാട്, മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സിജു സി. മീനയുടെ ‘വല്ലി’യെന്ന കാവ്യസമാഹാരമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദാനന്തബിരുദ മലയാളം വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ഗോത്രസമുദായത്തിലെ പണിയ വിഭാഗത്തിലെ സംസാര ഭാഷയിലാണ് കവിത രചിച്ചിരിക്കുന്നത്. ഈ ഭാഷക്ക് ലിപിയില്ലാത്തതിനാല്‍ മലയാളത്തിലാണ് രചന. 58 കവിതകളാണ് വല്ലിയിലുള്ളത്. കവിതകള്‍ക്ക് താഴെ മലയാളം പരിഭാഷയും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതലാണ് ‘വല്ലി’ എന്ന കവിതാ സമാഹാരം സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

‘തോമരാടി വേരുമ്പേ
നായു തൂറി കാഞ്ച..’
ഉത്തമ്മെ പാടിഞ്ച പാട്ടു കേട്ടു
നാനു ബുക്ക് മറിച്ചെ

എങ്കളാ പാട്ടു കാണി ബുക്കിലി..!
കരിന്തണ്ടന്‍ ചാച്ചപ്പേം കാണി ബുക്കിലി..!

കാവു കാണി..
തെയ്യ കളി കാണി..
എങ്കള ഒഞ്ചും കാണി നിങ്കള ബുക്കിലി..!

‘ചെത്തുത്തെലും പോക,
കോരുത്തലും പോക
നായു കാട്ടാ’:
ഉത്തമ്മെ തിലെ ചൊറിഞ്ചു
പാടിഞ്ചു

‘ചെത്തുത്തെലും പോക,
കോരുത്തലും പോക
നായു കാട്ടം കണക്ക
നിങ്കക്കു എങ്കളാ മേലെളാ
അറപ്പു..’-
നാനും പാടി ബുക്കു അടച്ചെ

‘വല്ലി’യെന്ന കാവ്യസമാഹാരത്തിലെ ‘നിങ്കള ബുക്കു’ എന്ന കവിതയിലെ വരികളാണിത്. ഈ വരികളില്‍ തെളിയുന്നത് ഭാഷാപരമായി വിവേചനം നേരിടുന്ന ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ദൈന്യതയാണ്. ഗോത്ര ഭാഷയില്‍ സംസാരിക്കുന്ന അവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസം മലയാളത്തിലായതിനാല്‍ അവരനുഭവിക്കുന്ന പ്രയാസങ്ങളും, ഗോത്രജനതയോട് മുഖ്യധാരാ സമൂഹം കാണിക്കുന്ന അവഗണനയും കവിതയില്‍ നിറയുന്നു. മുത്തങ്ങ മൈക്കര നഗര്‍ സ്വദേശിയാണ് സിജു സി. മീന..

Leave a Reply

Your email address will not be published. Required fields are marked *