വയനാട്ടിൽ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

കാവുമന്ദം: കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലും കണ്ടെത്തി. ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിലാണ് ഒച്ചിനെ കണ്ടെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രസാദന്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശ്രീരാജ് പി.ആര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് സ്ഥിരീകരണം നടത്തിയത്. ലോകത്തെ 100 അക്രമി ജീവിവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭീമന്‍ ആഫ്രിക്കന്‍ ഒച്ച് കാര്‍ഷിക ലോകത്തെയും, ജൈവവൈവിധ്യത്തെയും വിറപ്പിക്കാന്‍ മഴക്കാലത്താണ് എത്തുക.ഈ ജൂണില്‍ കൊയിലേരിയിലും ആഫ്രിക്കന്‍ ഒച്ചിനെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *