നമുക്കൊരുനാൾ
ആളൊതുങ്ങിയ
തണുപ്പുള്ള
കൂരിരുട്ടുള്ള
പാതിരാത്രിയിൽ
പുഴയുടെ പുറമ്പോക്കിലൂടെ
നടക്കണം
കീറത്തുണി കൊണ്ട്
ഏച്ചുണ്ടാക്കിയ
ആകാശം കാണുന്ന
ചില്ല് കൂടുകൾ
നിരയായി ആളനക്കമില്ലാതെ
മിന്നാമിന്നി വെട്ടത്തിൽ
ഇടയ്ക്കിടെ തെളിയും
ഇന്നലെ മാത്രം
വേളികഴിഞ ഇണകൾ
അവർക്കിടയിലുണ്ടാകും
കൊടും തണുപ്പത്ത്
ഇഴുകി പിടുത്തങ്ങൾക്കിടയിൽ
അവരിൽ നിന്ന്
ആനന്ദത്തിന്റെ
ഉയർന്ന സീൽക്കാരം
കേൾക്കാനിടയില്ല
വെറും അനക്കങ്ങളിൽ
തീരുന്ന
പ്രത്യുൽപ്പാദന പ്രക്രിയ മാത്രം
കർക്കിടകമഴയിൽ അവിടെയൊരു
മരണമുണ്ടായിരുന്നു
ആൾക്കൂട്ടമോ
അലറി കരച്ചിലോ
കേട്ടില്ല
ചിലപ്പോൾ പുഴയുടെ പുറമ്പോക്കിൽ
ചിലപ്പോൾ
മറ്റെവിടെയോ
കരാറ് പണിക്കാർ
കുഴിച്ചു മൂടുന്ന
പുഴുവരിച്ച
അനാഥ ശവങ്ങൾ
പുരോഹിതരുടെ
ദൈവവിളികളോ
ആളെ കൂട്ടിയുള്ള
മരണാനന്തര
പ്രാർത്ഥനകളോ
ചെമ്പ് നിറയെ
മണമുള്ള
ഭക്ഷണമൊ
അവിടെയില്ല
മരിച്ചവന് പേരോ ഊരോ
ഉമ്മറത്ത് തൂക്കാൻ
ചില്ലിട്ട ചിത്രങ്ങളോ ബാക്കിവരില്ല
ഇന്ന് ഇവിടെയൊരു
ജനനമുണ്ട്
അലറി വിളിച്ചുള്ള പേറ്റ് നോവിന്റെ
നരകവേദനയും പിടച്ചിലും
കീറിപ്പറിഞ്ഞ കൂട്ടിൽ നിന്നുയർന്നില്ല
ആരോ വലിച്ചെറിഞ്ഞ
മുഷിഞ്ഞ കുഞ്ഞുടുപ്പ് കൊണ്ടാണ്
ആ അമ്മ
തണുപ്പുള്ള ഈ പാതിരാത്രിയിൽ
കുഞ്ഞിനെ പുതപ്പിക്കുക
ചെളിപിടിച്ച് കറുത്ത
മുലകളിൽ നിന്നുറ്റുന്ന
വെളുത്ത പാലിന്
ചുകന്ന രക്തത്തിന്റെ ചവർപ്പ് മാത്രം
അവളും വളരും
നൂല് കെട്ടില്ല
ചോറൂണില്ല
കാത് കുത്തില്ല
പള്ളിക്കൂടമില്ല
ഋതുമതിയായതിന്റെ
ആഘോഷങ്ങളില്ല
കരുതലില്ല
നീ കുടിക്കുന്ന നിറമുള്ള
ശീതള
പാനീയത്തിൽ
നോക്കി അവരൊരിക്കലും
ഉമിനീരിറക്കില്ല
നീ കഴിക്കുന്ന
അറേബ്യൻ
ഭക്ഷണത്തിൽ അവരുടെ
കൊതി പെടില്ല
അതിനേക്കാളേറെ രുചിയാണ്
അവർ കുടിക്കുന്ന
അഴുക്ക് നീരുകൾക്ക്
അവരെ കാണുമ്പോൾ
അറപ്പ് തോന്നാറില്ലേ
ആട്ടിയോടിക്കാറില്ലേ
അവരിലെ കുഞ്ഞുങ്ങളെ
കല്ലെടുത്ത് എറിയാറില്ലേ
അടുത്ത ജന്മത്തിൽ ഞാൻ
രാജാവാകും
വീണ്ടും
നീ എന്റെ പത്നിയും
പുറമ്പോക്കിലെ ദുർഗന്ധം വമിക്കുന്ന ഇടങ്ങളിലൊക്കെ നമുക്കൊരായിരം കൊട്ടാരങ്ങൾ പണിയണം
കൊട്ടാരത്തിലെ സുഖശീതളിമയിൽ
നീ
ആയിരമായിരം
പൈതങ്ങളെ
പ്രസവിക്കണം
മു:ജന്മങ്ങളിൽ
അഴുക്ക് ചാലിൽ നിന്ന് ദാഹമകറ്റിയ
കല്ലെടുത്തെറിയപ്പെട്ട
അറപ്പോടെ ആട്ടിയോടിച്ച
ആയിരമായിരം പൈതങ്ങളെ…
സമീർ എം എ
പിലാക്കാവ്
