പനമരം: പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം കാലാവധി നീട്ടി ഉത്തരവിറക്കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി ലഭിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടിയത്. സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് പത്തു നിബന്ധനകളോടെ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നതിനായി അനുമതി നൽകിയിട്ടുള്ളത്. വിഷപ്രയോഗം, സ്ഫോടകവസ്തുപ്രയോഗം, വൈദ്യുതി ഷോക്കടിപ്പിക്കൽ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും, ലൈസൻസുള്ള തോക്കുമാത്രം ഉപയോഗിച്ച് ജനവാസമേഖലയിൽ വെച്ച് മാത്രമേ വെടിവെക്കാവൂ എന്നും നിബന്ധനയിലുണ്ട്. മുലയൂട്ടുന്ന പന്നികളെ കഴിവതും ഒഴിവാക്കണം. വെടിവെച്ചാല ഉടൻതന്നെ ഓണററി വൈൽഡ് ലൈഫ് വാർഡനെയും, കൊല്ലപ്പെട്ട പന്നിയുടെ വിവരങ്ങളും സംസ്കരണ രീതിയും അതതുദിവസം ഫോറസ്റ്റ് ഓഫീസിലും പഞ്ചായത്തിലും രേഖാമൂലം അറിയിക്കുകയും വേണം. ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും, പ്രവർത്തനങ്ങൾക്കിടയിൽ മനുഷ്യനോ സ്വത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വെടിവെക്കുന്നയാൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പനമരം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള കാലാവധി നീട്ടി
