പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതി: സർക്കാർ നിർദേശത്തിന്മേൽ സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

 

വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡി ടി പി സി വയനാട് മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

 

അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുള്ളതിനാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ സർക്കാർ സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.

 

കൂടാതെ, സർവകലാശാലയിലെ പരീക്ഷ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ എന്ന ഉയർന്ന പദവി അത്യന്തം ഗൗരവമേറിയതും രഹസ്യസ്വഭാവമുള്ളതുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നായതിനാൽ വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇത്തരം പദവികളിൽ തുടരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയ്ക്കും, സുതാര്യതയ്ക്കും, തടസ്സമാകുമെന്നതിനാലും അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ ഭരണപരമായ ഉയർന്ന തസ്തികയിൽ തുടരുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമായതിനാലും ആണ് സസ്‌പെൻഷൻ നടപടിയെന്ന് സർവകലാശാല ഉത്തരവിൽ പറയുന്നു.

 

മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ വിജിലൻസ് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെയോ സസ്‌പെൻഷൻ തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *