പെരിക്കല്ലൂർ റോഡിനെതിരെയുള്ള സി പി എം ആരോപണം അടിസ്ഥാനരഹിതം ഐ സി ബാലകൃഷ്ണൻ എം എൽ എ

    പുൽപ്പള്ളി:പെരിക്കല്ലൂര്‍-ബത്തേരി റോഡിന്റെ നിര്‍മാണ പ്രവൃത്തി കരാറുകാരന്‍ ഉപേക്ഷിച്ചുവെന്ന സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍കൂടുതല്‍ മെറ്റീരിയലുകള്‍ റോഡിന്റെ നിര്‍മാണത്തിന് ആവശ്യമായിവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡിന്റെ ലെവല്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ള അനുമതിനല്‍കിയുള്ള ഉത്തരവ് വരും. തുടര്‍ന്ന് എത്രയുംപെട്ടന്ന് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. റോഡിന് അനുവദിച്ച ഫണ്ട് സ്റ്റേ ചെയ്തു, എംഎല്‍എ കൈക്കൂലി ആവശ്യപ്പെട്ടതുകൊണ്ട് കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിച്ചുപോയി തുടങ്ങിയ വ്യാജപ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണ് ചിലര്‍. ഭരണകക്ഷിയിലെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നുണകഥകള്‍ പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ ബത്തേരി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗവിഭാഗത്തില്‍നിന്നുള്ള ജനപ്രതിനിധിയായ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തിനെതിരെ മാനനഷ്ടത്തിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

    Leave a Reply

    Your email address will not be published. Required fields are marked *